നമുക്ക് എന്ത് ബൗൺസർ ഇന്നാ പിടി സിക്സ് : രോഹിത്തിനെ തുറിച്ച് നോക്കി പൊള്ളാർഡ്

ഇന്ത്യ വെസ്റ്റ് ഇൻഡീസ്‌ ഏകദിന പരമ്പരയിലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റ് ഇൻഡീസിന് ദാരുണമായ തോൽവി. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ്‌ ഇന്ത്യൻ സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹലിന്റെയും (4/49), വാഷിംഗ്ടൺ സുന്ദറിന്റെയും (3/30) ശ്രദ്ധേയമായ ബൗളിംഗ് സ്‌പെല്ലുകളുടെ മുന്നിൽ 43.5 ഓവറിൽ വെറും 176 റൺസിന് പുറത്താവുകയായിരുന്നു.

57 റൺസെടുത്ത ഓൾറൗണ്ടർ ജേസൺ ഹോൾഡർ വിൻഡീസ് നിരയിൽ ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും, പ്രസിദ് കൃഷ്ണയുടെ പന്തിൽ വിക്കറ്റിന് പിറകിൽ പിടിക്കപ്പെട്ടതോടെ ഹോൾഡറുടെ ചെറുത്ത് നിൽപ്പിന് വിൻഡീസിനെ വലിയ സ്കോറിൽ എത്തിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, അഹമ്മദാബാദിലെ പിച്ചിൽ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ ബൗണ്ടറികളും സിക്സും അടിക്കാൻ വളരെ ബുദ്ധിമുട്ടുന്ന കാഴ്ച്ചയും കണ്ടു. എന്നാൽ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ സ്ഥിതി വ്യത്യസ്തമായിരുന്നു.

ഓപ്പണർ രോഹിത് ശർമ്മ, ടീം ഇന്ത്യയുടെ നായകനെന്ന നിലയിൽ തന്റെ ആദ്യ ഏകദിന മത്സരം കളിക്കാൻ ഇറങ്ങിയപ്പോൾ, അദ്ദേഹം വിൻഡീസ് ബൗളർമാരെ കണക്കിന് ആക്രമിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. 51 പന്തിൽ 10 ഫോറും ഒരു സിക്സും ഉൾപ്പടെ 60 റൺസ് എടുത്താണ് രോഹിത് മടങ്ങിയത്. ഇഷാൻ കിഷനുമായി (28) 84 റൺസിന്റെ കൂട്ടുകെട്ടും രോഹിത് സൃഷ്ടിച്ചു. ഇപ്പോൾ, രോഹിത്തിന്റെ ബാറ്റിംഗ് കണ്ട വിൻഡീസ് ക്യാപ്റ്റനും ഐപിഎല്ലിൽ രോഹിത്തിന്റെ സഹതാരവുമായ കീറോൺ പൊള്ളാർഡിന്റെ മുഖ ഭാവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

രോഹിത് ശർമ്മ തന്റെ ഫിഫ്റ്റിയിലേക്ക് കുതിക്കുന്നതിനിടയിൽ, തന്റെ ട്രേഡ് മാർക്ക് പുൾ ഷോട്ട് കളിച്ച് സ്റ്റാൻഡിന് മുകളിലൂടെ ഒരു സിക്‌സർ പറത്തി. ഇത്‌ കണ്ട പൊള്ളാർഡ് തികച്ചും നിരാശനായി കാണപ്പെടുകയും, രോഹിത്തിനെ തുറിച്ചു നോക്കുന്നതായും വൈറൽ വീഡിയോയിൽ കാണാം. ഒടുവിൽ, അൽസാരി ജോസഫിന്റെ ബോളിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് രോഹിത് പുറത്തായത്. ഇന്ത്യ 28 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.