സഞ്ജു വലിയ ടാലെന്റുള്ള താരം ലോകകപ്പ് കളിക്കാനും മികവുണ്ട് 😱വാനോളം പുകഴ്ത്തി രോഹിത് ശർമ്മ

വ്യാഴായ്ച്ച (ഫെബ്രുവരി 24) ആരംഭിക്കാനിരിക്കുന്ന ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയ്ക്ക് മുന്നോടിയായി, ബിസിസിഐ പങ്കുവെച്ച വീഡിയോയിൽ തന്റെ പ്രതീക്ഷകൾ പങ്കുവെച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ത്യയുടെ ടി20 ടീമിൽ തിരിച്ചെത്തിയ സഞ്ജുവിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ട് എന്ന് വ്യക്തമാക്കിയ രോഹിത്, സഞ്ജു നാളെ ടീമിൽ ഉണ്ടാകും എന്നതിനുള്ള സൂചനയും നൽകി. കൂടാതെ, സഞ്ജുവിനെ പോലെ ഒരു ബാറ്റർ ഓസ്ട്രേലിയയിൽ ടീമിന് ആവശ്യമാണ് എന്ന് വെളിപ്പെടുത്തിയ രോഹിത്, സഞ്ജു ലോകകപ്പ് ടീമിൽ ഉണ്ടാകാനുള്ള സാധ്യതയും മറച്ചുവെച്ചില്ല.

“സാംസൺ വളരെ കഴിവുള്ള താരമാണ്. അവൻ ഐപിഎല്ലിൽ ബാറ്റ് ചെയ്യുന്നത് കാണുമ്പോഴെല്ലാം, കാണികൾ ചന്ദ്രനിലേക്ക് നോക്കി നിൽക്കുന്നത് നമ്മൾ കാണാറുള്ളതാണ്. അവന് വിജയത്തിൽ എത്താനുള്ള വൈദഗ്ദ്ധ്യമുണ്ട്. അതാണ് സ്‌പോർട്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ഒരുപാട് ആളുകൾക്ക് വൈദഗ്ധ്യവും കഴിവും ഉണ്ട്, എന്നാൽ, അവർ അത് എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് ഏറ്റവും നിർണായകമായ ഭാഗം,” രോഹിത് പറയുന്നു.

“ആ കഴിവ് എങ്ങനെ പരമാവധി ഉപയോഗിക്കാം എന്നത് ഇപ്പോൾ സഞ്ജു സാംസന്റെ ഉത്തരവാദിത്തമാണ്. കാരണം, അവന്റെ കഴിവ് ടീം മാനേജ്മെന്റിന് ബോധ്യപ്പെട്ടതാണ്, ഇനി അവൻ ആ കഴിവ് എങ്ങനെ പ്രയോജനപ്പെടുത്തും എന്നാണ് നമുക്ക് കാണേണ്ടത്. അവന് അവസരം ലഭിക്കുമ്പോഴെല്ലാം അവന്റെ കഴിവ് പുറത്തെടുക്കാനുള്ള ആത്മവിശ്വാസം ഞങ്ങൾ അവന് നൽകുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനിയും അങ്ങനെ തന്നെ തുടരും,” രോഹിത് പറഞ്ഞു.

“അവൻ തീർച്ചയായും പരിഗണനയിലുണ്ട്, അതുകൊണ്ടാണ് അവൻ ടീമിന്റെ ഭാഗമാകുന്നത്. അവന്റെ ബാക്ക്ഫൂട്ട് ഷോട്ടുകൾ മികച്ചതാണ്. ഓസ്‌ട്രേലിയയിൽ പോകുമ്പോൾ, ആ ഷോട്ട് മേക്കിംഗ് കഴിവ് ആവശ്യമാണ്, അത് സാംസണിൽ ഉണ്ട്. ലഭിക്കുന്ന അവസരങ്ങളിൽ അവന്റെ കഴിവ് അവൻ പ്രയോജനപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.