ബാറ്റിംഗിൽ ‘ഹിറ്റ്മാൻ’, ക്യാപ്റ്റൻസിയിൽ ‘വിൻമാൻ’ ; അപരാജിത കുതിപ്പ് തുടർന്ന് രോഹിത്

ബംഗളൂരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഡേ-നൈറ്റ് ടെസ്റ്റിൽ മൂന്ന് ദിനം കൊണ്ട് ശ്രീലങ്കയെ 238 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യ, രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ്‌ പരമ്പര 2-0ത്തിന്റെ വൈറ്റ്വാഷ് നേട്ടത്തോടെ സ്വന്തമാക്കി. ഇതോടെ, സ്വന്തം തട്ടകത്തിൽ തുടർച്ചയായ 15-ാം പരമ്പര വിജയം സ്വന്തമാക്കിയ ഇന്ത്യ, സ്വന്തം തട്ടകത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പരകൾ നേടിയ ടീം എന്ന സ്വന്തം പേരിലുള്ള റെക്കോർഡ് വീണ്ടും ഉയർത്തി.

സ്വന്തം മണ്ണിൽ കളിച്ച കഴിഞ്ഞ 30 ടെസ്റ്റ് പരമ്പരകളിൽ ഒന്നിൽ മാത്രമാണ് ഇന്ത്യ പരാജയം രുചിച്ചത് എന്നത് ശ്രദ്ധേയമാണ്. 2013 മുതൽ ഇതുവരെ ഒരു ടെസ്റ്റ് പരമ്പരയും ഇന്ത്യ സ്വന്തം മണ്ണിൽ തോറ്റിട്ടില്ല. 2012 ഡിസംബറിൽ ഇംഗ്ലണ്ടാണ് അവസാനമായി ഇന്ത്യയെ പരാജയപ്പെടുത്തിയത്. അതോടെ, 2013 മുതൽ ആരംഭിച്ച ഇന്ത്യയുടെ അധിനിവേശം ഇന്നും തുടരുകയാണ്. ഓസ്ട്രേലിയയാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. രണ്ട് തവണ തുടർച്ചയായി 10 ടെസ്റ്റ് പരമ്പരകൾ ഓസ്ട്രേലിയ വിജയിച്ചിട്ടുണ്ട്.

ശ്രീലങ്കക്കെതിരെ ബംഗളൂരുവിൽ നേടിയ വിജയത്തോടെ മറ്റൊരു തുടർച്ചയായ വിജയക്കുതിപ്പിന് കൂടിയാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. വിരാട് കോഹ്ലിക്ക് ശേഷം ഇന്ത്യയുടെ മുഴുവൻ സമയ ക്യാപ്റ്റനായി ചുമതലയേറ്റ രോഹിത് ശർമ്മ, ക്യാപ്റ്റൻ എന്ന നിലയിൽ തുടർച്ചയായ 14-ാം വിജയം സ്വന്തമാക്കി. ഇതോടെ ക്യാപ്റ്റൻ എന്ന നിലയിലുള്ള ഹിറ്റ്‌മാന്റെ അപരാജിത കുതിപ്പിൽ ആരാധകർ ആവേശത്തിലാണ്.

ക്യാപ്റ്റൻ എന്ന നിലയിലുള്ള രോഹിത്തിന്റെ അപരാജിത യാത്രയിൽ ന്യൂസിലാൻഡിനെതിരെ നേടിയ ടി20 പരമ്പര (3-0), വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ ഏകദിന (3-0) ടി20 (3-0) പരമ്പരകൾ, ശ്രീലങ്കക്കെതിരെ നേടിയ ടി20 (3-0) ടെസ്റ്റ്‌ (2-0) പരമ്പരകൾ എന്നിവ ഉൾപ്പെടുന്നു. നേരത്തെ ശ്രീലങ്കക്കെതിരെ നേടിയ ടി20 പരമ്പര നേട്ടത്തോടെ, ഏറ്റവും കൂടുതൽ ടി20 വിജയങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡിലേക്കുള്ള ദൂരം ഒരു മത്സരമായി രോഹിത് കുറച്ചിരുന്നു.