ലോകകപ്പ് ചരിത്രത്തിലെ ആദ്യ മലയാളി ക്യാപ്റ്റൻ ആകാൻ ഒരുങ്ങി തലശ്ശേരിക്കാരൻ

രാജ്യാന്തര ക്രിക്കറ്റിലെ മലയാളി സാന്നിധ്യം എണ്ണം കൊണ്ട് വളരെ കുറവാണ്. എന്നാൽ, ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൽ ഒരു ടീമിനെ നയിക്കാൻ ഒരുങ്ങുകയാണ് ഒരു മലയാളി താരം. അടുത്ത മാസം ഓസ്ട്രേലിയയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള യുഎഇ ടീമിനെ തലശ്ശേരിക്കാരൻ സിപി റിസ്വാൻ ആണ് നയിക്കുന്നത്. ഇതോടെ ക്രിക്കറ്റ് ലോകകപ്പിൽ ഒരു ടീമിന്റെ ക്യാപ്റ്റൻ ആകുന്ന ചരിത്രത്തിലെ ആദ്യ മലയാളിയാകാൻ ഒരുങ്ങുകയാണ് സിപി റിസ്വാൻ.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരം എന്ന നേട്ടവും സിപി റിസ്വാൻ നേരത്തെ സ്വന്തം പേരിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള 15 അംഗ യുഎഇ ടീമിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ സ്ക്വാഡിൽ ക്യാപ്റ്റൻ സിപി റിസ്വാനെ കൂടാതെ, രണ്ട് മലയാളി താരങ്ങൾ കൂടി ഇടം പിടിച്ചിട്ടുണ്ട്. കണ്ണൂർ പഴയങ്ങാടി സ്വദേശി അലിഷാൻ ഷറഫു, കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദ് എന്നിവരാണ് ടി20 ലോകകപ്പിനുള്ള യുഎഇ ടീമിൽ ഇടംപിടിച്ച മറ്റു രണ്ടു മലയാളി താരങ്ങൾ.

ഇവരിൽ അലിഷാൻ ഷറഫു നേരത്തെ അണ്ടർ 19 ലോകകപ്പിൽ യുഎഇയെ നയിച്ചിട്ടുണ്ട്. 15 അംഗ ടീമിൽ മൂന്ന് മലയാളികൾ ഇടം പിടിച്ചപ്പോൾ, യുഎഇയുടെ റിസർവ് താരങ്ങളുടെ പട്ടികയിലും ഒരു മലയാളി താരം ഇടം നേടിയിട്ടുണ്ട്. വിഷ്ണു സുകുമാരനാണ് യുഎഇയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിലെ നാലാമത്തെ മലയാളി. ശ്രീലങ്ക, നമീബിയ, ഹോളണ്ട് എന്നീ ടീമുകൾക്കെതിരെ ഗ്രൂപ്പ് എ-യിൽ ആണ് യുഎഇ യോഗ്യത മത്സരങ്ങൾ കളിക്കുക.

യുഎഇ ടീം : സിപി റിസ്വാൻ ( C ), അഹമ്മദ് റാസ, അലിഷാന് ഷറഫു, വൃത്യ അരവിന്ദ്, ബാസിൽ ഹമീദ്, മുഹമ്മദ് വസീം, അയാൻ ഖാൻ, ചിരാഗ് സുരി, സവാർ ഫരീദ്, കൗഷിഫ് ദൗദ്, സഹൂർ ഖാൻ, കാർത്തിക് മെയ്യപ്പൻ, ജുനൈദ് സിദ്ദീഖ്, സാബിർ അലി, ആര്യൻ ലക്ര