ബാംഗ്ലൂരിൽ കെ.ജി.എഫ് യുഗം :കപ്പ് അടിക്കാൻ പുത്തൻ ടീമുമായി റോയൽ എൻട്രി

എല്ലാ ഐപിഎൽ സീസണുകളിലും വമ്പൻ താര നിരയെ അണിനിരത്താറുണ്ടെങ്കിലും, കന്നി കിരീടം എന്ന മോഹത്തെ ഇതുവരെ എത്തിപ്പിടിക്കാൻ ആകാത്ത ഫ്രാഞ്ചൈസിയാണ് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ. വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 9 സീസണുകളിൽ കളത്തിലിറങ്ങിയ ആർസിബി, കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ പുതിയൊരു ക്യാപ്റ്റനെ കൂടി ലക്ഷ്യമിട്ടാണ്, സമാപിച്ച ഐപിഎൽ 2022 താരലേലത്തിന് എത്തിയത്. കോഹ്‌ലി, ഗ്ലെൻ മാക്സ്വെൽ, മുഹമ്മദ്‌ സിറാജ് എന്നിവരെ ലേലത്തിന് മുന്നേ തന്നെ ഫ്രാഞ്ചൈസി നിലനിർത്തിയിരുന്നു.

ക്യാപ്റ്റനെ ലക്ഷ്യമിട്ട് ഇറങ്ങിയ ആർസിബി, മാർക്യു സെറ്റിൽ നിന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനും കഴിഞ്ഞ 10 വർഷമായി ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ ഭാഗവുമായിരുന്ന ഫാഫ് ഡ്യൂപ്ലസിസിനെ സ്വന്തമാക്കി ബാംഗ്ലൂർ ആരാധകരെ വരെ ഞെട്ടിച്ചു കളഞ്ഞു. തുടർന്ന്, ഒരു ബാലൻസ്ഡ് ടീം ഉണ്ടാക്കാൻ ശ്രമിച്ച ഫ്രാഞ്ചൈസി, മികച്ച വിദേശ താരങ്ങളെ ടീമിൽ എത്തിക്കാനാണ് കൂടുതൽ ശ്രദ്ധ പുലർത്തിയത്. ബാറ്റിംഗ് ലൈനപ്പിലെ ഇന്ത്യൻ താരങ്ങളുടെ കുറവും, ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറുടെ അഭാവവും ടീമിലെ പ്രതികൂല ഘടകങ്ങളാണ്.

ഫാഫ് ഡ്യൂപ്ലസിസ്, വിരാട് കോഹ്‌ലി, ഫിൻ അലൻ, ഗ്ലെൻ മാക്സ്വെൽ, ദിനേശ് കാർത്തിക് എന്നിവർ ആർസിബിയുടെയും ബാറ്റിംഗ് ലൈനപ്പ് ശക്തമാക്കുന്നുണ്ട്. എന്നിരുന്നാലും, ഇലവനിലെ വിദേശ താരങ്ങളുടെ പരിമിതിയും, ഇന്ത്യൻ താരങ്ങളുടെ അഭാവവും ടീമിന് തലവേദന സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഹസരംഗ, ഷെർഫാൻ റൂദർഫോഡ്, ഡേവിഡ് വില്ലി എന്നിവർ ബോട്ടം ഓർഡറിൽ ബാറ്റ് വീശാൻ കെൽപ്പുള്ള ഓൾറൗണ്ടർമാർ ആണെനിരിക്കെ, അവിടെയും മേൽപ്പറഞ്ഞ പോലെ ഇന്ത്യൻ താരങ്ങളുടെ അഭാവം ആശങ്ക ഉയർത്തുന്നുണ്ട്.

ബൗളിങ്ങിൽ, മുഹമ്മദ്‌ സിറാജ് നയിക്കുന്ന പേസ് ഡിപ്പാർട്മെന്റിന് കരുത്തേകാൻ ഓസ്ട്രേലിയൻ പേസർമാരായ ജോഷ് ഹാസെൽവുഡ്, ജേസൺ ബെഹറെൻഡോഫ്, ഇന്ത്യൻ പേസർ സിദ്ധാർഥ് കൗൾ എന്നിവർ കൂടി വരുന്നതോടെ പെസ് യൂണിറ്റ് ഭദ്രമാണ് എന്ന് കരുതാം. എന്നാൽ, കരൺ ശർമ്മ, മാക്സ്വെൽ, ഹസരംഗ എന്നിവർ അടങ്ങിയ സ്പിൻ ഡിപ്പാർട്മെന്റിന് ടൂർണമെന്റിൽ എത്രത്തോളം തിളങ്ങാൻ കഴിയും എന്നത് കണ്ടറിയണം.