പാക് ഇപ്പോൾ ഇന്ത്യക്കും മുകളിൽ മികച്ച ടീം!!!കാരണവുമായി റമീസ് രാജ

ഇന്ത്യ – പാകിസ്ഥാൻ പരമ്പരകൾ ഒന്നും തന്നെ നടക്കാറില്ല. ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടുന്നത് ഐസിസി ടൂർണമെൻറ്കളിലാണ്. ഇപ്പോൾ അടുത്ത് ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയത് കഴിഞ്ഞ ഏഷ്യ കപ്പിലാണ്. ഏഷ്യാകപ്പിൽ ഇരു രാജ്യങ്ങളും രണ്ടുതവണ ഏറ്റുമുട്ടിയപ്പോൾ ഓരോ തവണ വീതം ഇന്ത്യയും പാക്കിസ്ഥാനും വിജയിച്ചു.

എന്നാൽ ഇന്ത്യ പാകിസ്ഥാനെ ഗ്രൂപ്പ് ഘട്ടത്തിലാണ് പരാജയപ്പെടുത്തിയതെങ്കിൽ പാക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത് സൂപ്പർ ഫോറിലാണ്. അടുത്തകാലത്ത് ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങളിൽ ഏറ്റവും മികച്ചത് പാക്കിസ്ഥാൻ ടീമാണെന്ന് പറഞ്ഞുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ചെയർമാനും മുൻ താരവുമായ റമീസ് രാജ. ബാബർ അസം നയിക്കുന്ന പാക്കിസ്ഥാൻ ടീം “ബില്യൺ ഡോളർ ടീം” ആണെന്നും മുൻ താരം വിശേഷിപ്പിച്ചു.

കഴിഞ്ഞ വർഷത്തെ വേൾഡ് കപ്പ് വരെ വേൾഡ് കപ്പിൽ പാക്കിസ്ഥാനെതിരെ ഒരുതവണ പോലും ഇന്ത്യ പരാജയപ്പെട്ടിരുന്നില്ല. മത്സരിച്ച 12 മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം. അതിൽ ഏഴ് ഏകദിനങ്ങളും അഞ്ച് 20-20 മത്സരങ്ങളും ഉൾപ്പെടുന്നു. എന്നാൽ ഇന്ത്യക്കെതിരെ കഴിഞ്ഞ 20-20 വേൾഡ് കപ്പിൽ പാകിസ്ഥാൻ ആദ്യമായി വിജയിച്ചു. ആ വിജയം ഇന്ത്യയെ വേൾഡ് കപ്പിൽ ഫൈനൽ കാണാതെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താക്കാനും കാരണമായി.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മൂന്ന് തവണ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണ വിജയം പാക്കിസ്ഥാന്റെ കൂടെയായിരുന്നു. ഈ മാസം ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന 20-20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളതായിരിക്കുമെന്നും റമീസ് രാജ പറഞ്ഞു. ലോകകപ്പിൽ പാകിസ്ഥാൻ എപ്പോഴും ഇന്ത്യയുടെ ഇരകളായിരുന്നെന്നും, എന്നാൽ ഇപ്പോൾ ഇന്ത്യ പാക്കിസ്ഥാനെ ബഹുമാനിക്കാൻ തുടങ്ങിയെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ പറഞ്ഞു.