മാക്സ്വെല്ലിന്റെ മാജിക്‌ ബോൾ റായിഡുവിന്റെ കൺകെട്ടി ; പന്ത് സ്റ്റംപിൽ ഇടിച്ചപ്പോൾ റായിഡു ഞെട്ടി

ഐപിഎൽ 2022 സീസണിലെ 49-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിന് 13 റൺസ് ജയം. ഇരു ടീമുകളും സീസണിൽ ഇത്‌ രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ സിഎസ്കെക്കായിരുന്നു ജയം. ജയത്തോടെ ആർസിബി 11 കളികളിൽ നിന്ന് 12 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ 4-ാം സ്ഥാനത്തേക്ക് ഉയർന്നു.

പൂനെയിലെ എംഎസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ആർസിബി ചെന്നൈ സൂപ്പർ കിംഗ്സിന് മുന്നിൽ 174 റൺസ് വിജയലക്ഷ്യം ഉയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ സിഎസ്കെക്ക് വേണ്ടി ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും (28), ഡിവോൺ കോൺവെയും (56) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ, ശഹബാസ് അഹ്‌മദ്‌ ഗെയ്ക്വാദിനെ മടക്കിയതോടെ 54 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിന് അവസാനമായി.

തുടർന്ന്, ക്രീസിലെത്തിയ റോബിൻ ഉത്തപ്പ (1) ഗ്ലെൻ മാക്സ്വെല്ലിന് വിക്കറ്റ് നൽകി അതിവേഗം മടങ്ങിയപ്പോൾ, സിഎസ്കെയുടെ പ്രതീക്ഷകൾ മുഴുവൻ അമ്പാട്ടി റായിഡുവിലായി. എന്നാൽ, ഗ്ലെൻ മാക്സ്വെൽ തന്റെ തൊട്ടടുത്ത ഓവറിൽ മനോഹരമായ ഒരു ഡെലിവറിയിലൂടെ 8 പന്തിൽ 10 റൺസെടുത്ത റായിഡുവിനെ കൂടാരം കയറ്റിയതോടെ സിഎസ്കെയുടെ ആ പ്രതീക്ഷകളും തകർന്നടിഞ്ഞു.

ഇന്നിംഗ്സിന്റെ 10-ാം ഓവറിൽ, ഗ്ലെൻ മാക്സ്വെൽ എറിഞ്ഞ ഒരു ഓഫ് ബ്രേക്ക്‌ ഡെലിവറി, റായിഡു സ്‌പേസ് ഉണ്ടാക്കി തന്റെ ട്രേഡ്‌മാർക്ക് ഇൻ-ഔട്ട് ഷോട്ട് കളിക്കാൻ നോക്കി, പക്ഷേ മാക്‌സ്‌വെല്ലിന്റെ പന്ത് നേരെ പോയി ബാറ്റ് കടന്ന് ഓഫ്-സ്റ്റമ്പിലേക്ക് പതിച്ചു. ഇതോടെ സിഎസ്കെയുടെ ബാറ്റിംഗ് തകർച്ചയ്ക്ക് ആക്കം കൂടി.