ടി :20 റാങ്കിങ്ങിൽ ഇനി ഒരേ ഒരു രാജാവ്!! ഒന്നാമനായി സൂര്യകുമാർ യാദവ്

ഐസിസി ടി20 റാങ്കിങ്ങുകൾ അപ്ഡേറ്റ് ചെയ്തു. ഐസിസി ടി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ് ഒന്നാമതെത്തി. തന്റെ കരിയറിൽ ആദ്യമായി ആണ് സൂര്യകുമാർ യാദവ് ഐസിസി റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. പാകിസ്ഥാൻ ബാറ്റർ മുഹമ്മദ് റിസ്വാനെ മറികടന്നാണ് 32-കാരനായ സൂര്യ റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. 863 റേറ്റിംഗോടെ തന്റെ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് നേടിയാണ് സൂര്യകുമാർ യാദവ് ബാറ്റർമാരുടെ പട്ടികയിൽ ഒന്നാമൻ ആയിരിക്കുന്നത്.

കരിയറിന്റെ തുടക്കകാലം ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും എല്ലാം മികച്ച പ്രകടനം നടത്തിയെങ്കിലും, നിർഭാഗ്യവശാൽ സൂര്യകുമാർ യാദവിന് തന്റെ ആദ്യ ഇന്ത്യൻ കോൾ-അപ്പ് ലഭിച്ചത് 30-ാം വയസ്സിലാണ്. 2021 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെയാണ് സൂര്യകുമാർ യാദവ് ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്. ടി20 ഫോർമാറ്റിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവ്, അതേ വർഷം തന്നെ ശ്രീലങ്കക്കെതിരെ ഏകദിന ഫോർമാറ്റിലും തന്റെ അരങ്ങേറ്റം കുറിച്ചു.

എന്നാൽ, ഏകദിന മത്സരങ്ങളേക്കാൾ കൂടുതൽ ടി20 മത്സരങ്ങളിൽ ആണ് ഇന്ത്യ സൂര്യകുമാർ യാദവിനെ പ്രയോജനപ്പെടുത്തിയത്. ഇതുവരെ 35 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള സൂര്യകുമാർ യാദവ്, 39.88 ശരാശരിയിൽ 1179 റൺസ് നേടിയിട്ടുണ്ട്. ഇതിൽ ഒരു സെഞ്ച്വറിയും 11 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച് ഒരു വർഷം കൊണ്ട്, ഐസിസി റാങ്കിങ്ങിൽ ഒന്നാമതെത്തുക എന്നത് സൂര്യകുമാർ യാദവ് എന്ന ബാറ്ററുടെ പ്രതിഭ എടുത്തുകാണിക്കുന്നു.

പുതുക്കിയ ഐസിസി ടി20 ബാറ്റർമാരുടെ റാങ്കിങ് പരിശോധിച്ചാൽ, പാകിസ്ഥാൻ ബാറ്റർ മുഹമ്മദ്‌ റിസ്വാൻ, ന്യൂസിലാൻഡ് ബാറ്റർ ഡെവോൺ കോൺവെ, പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം, ദക്ഷിണാഫ്രിക്കൻ താരം ഐഡൻ മാർക്രം എന്നിവരാണ് സൂര്യകുമാർ യാദവിന് പിറകിലായി തുടർന്നുള്ള അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. സൂര്യകുമാർ യാദവിനൊപ്പം വിരാട് കോഹ്ലിയും ഐസിസി ടി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്.