ഓസ്ട്രേലിയക്കെതിരായ ഡൽഹി ടെസ്റ്റ് മത്സരത്തിലും ഒരു ഗ്രാൻഡ് പ്രകടനം തന്നെയാണ് ഇന്ത്യൻ നിര കാഴ്ചവച്ചിരിക്കുന്നത്. മത്സരത്തിൽ ആറുവിക്കറ്റുകൾക്ക് ഇന്ത്യ വിജയിക്കുകയുണ്ടായി. ഒരുപാട് പോസിറ്റീവുകൾ എടുത്തുപറയാൻ ഇന്ത്യക്ക് സാധിക്കുന്ന മത്സരത്തിലെ, ഏക നെഗറ്റീവ് ഉപനായകൻ കെഎൽ രാഹുലിന്റെ ഫോമില്ലായ്മ തന്നെയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലേതുപോലെ തന്നെ ഡൽഹി ടെസ്റ്റിലും തന്റെ ഫോമിന്റെ അടുത്തെത്താൻ പോലും കെഎൽ രാഹുലിന് സാധിക്കാതെ വന്നു. ഈ അവസരത്തിൽ രാഹുലിനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യങ്ങൾ ഉയർന്നിരുന്നു. ഇതിനു മറുപടി നൽകുകയാണ് ഇന്ത്യയുടെ കോച്ച് രാഹുൽ ദ്രാവിഡ് ഇപ്പോൾ.
ഇന്ത്യയെ സംബന്ധിച്ച് വിദേശ പിച്ചുകളിൽ കെ എൽ രാഹുലിന്റെ പ്രകടനം വളരെ നിർണായകമാണ് എന്നാണ് രാഹുൽ ദ്രാവിഡ് പറയുന്നത്. “വിദേശ പിച്ചുകളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണർ തന്നെയാണ് കെ എൽ രാഹുൽ എന്ന കാര്യത്തിൽ സംശയമില്ല. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ സെഞ്ച്വറികൾ നേടിയ പാരമ്പര്യം രാഹുലിനുണ്ട്. അതിനാൽ തന്നെ അയാളെ പിന്തുണയ്ക്കുന്നത് തുടരാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. അയാൾ ഒരു നിലവാരമുള്ള ക്രിക്കറ്റർ ആണെന്നും, ഈ പ്രതിസന്ധിയിൽ നിന്നും തിരിച്ചു വരാൻ സാധിക്കുന്ന ക്രിക്കറ്റർ ആണെന്നും ഞാൻ വിശ്വസിക്കുന്നു.”- രാഹുൽ ദ്രാവിഡ് പറഞ്ഞു.

ഇതോടൊപ്പം ഇന്ത്യയുടെ നായകൻ രോഹിത് ശർമയും ഇക്കാര്യത്തിൽ സംസാരിക്കുകയുണ്ടായി. “രാഹുലിന് പിന്തുണ നൽകാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. അയാൾ വളരെയധികം കഴിവുകളുള്ള ഒരു ക്രിക്കറ്ററാണ്. ഇന്ത്യയിലെ ഇത്തരം പിച്ചുകളിൽ റൺസ് കണ്ടെത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാൽ തന്നെ വ്യക്തിഗതമായ പ്രകടനങ്ങൾ ഞങ്ങൾ ഇപ്പോൾ നോക്കുന്നില്ല. ടീം എന്ന നിലയിൽ എന്താണ് ചെയ്യുന്നത് എന്നതിനാണ് പ്രാധാന്യം.”- രോഹിത് കൂട്ടിച്ചേർക്കുന്നു.
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെതുപോലെ തന്നെ രണ്ടാം ടെസ്റ്റിലും മോശം പ്രകടനമായിരുന്നു രാഹുൽ കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 17 റൺസ് നേടിയ രാഹുൽ, രണ്ടാം ഇന്നിങ്സിൽ ഒരു റണ്ണിന് പുറത്താക്കുകയാണ് ഉണ്ടായത്. അടുത്ത മത്സരത്തിലെങ്കിലും രാഹുൽ ഫോം കണ്ടെത്തും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.