
സിക്സിൽ ആറാടി രഹാനെ ദൂബൈ വെടികെട്ട്… ചെന്നൈക്ക് റെക്കോർഡ് ടോട്ടൽ | Rahane
ചില ക്രിക്കറ്റർമാർക്ക് തങ്ങളുടെ കരിയറിൽ ഉണ്ടാകുന്ന ട്രാൻസ്ഫർമേഷനുകൾ അത്ഭുതകരമാണ്. അങ്ങനെ ഒരു അപാര ട്രാൻസ്ഫർമേഷൻ കൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് അജിങ്ക്യ രഹാനെ. ചെന്നൈ സൂപ്പർ കിംഗ്സിനായി 2023 ഐപിഎല്ലിൽ ബാറ്റിംഗ് ആരംഭിച്ചത് മുതൽ രഹാനയുടെ ഒരു 2.0 വേർഷനാണ് കാണുന്നത്. മുമ്പ് ക്രീസിൽ നിലയുറപ്പിച്ച ശേഷം ബോളർമാരെ അതിസൂക്ഷ്മമായി നേരിട്ടുകൊണ്ടിരുന്ന രഹാനെ, ഇപ്പോൾ ആദ്യ ബോൾ മുതൽ ബോളർമാരുടെ അന്തകനാണ്. ഇതുവരെ ചെന്നൈയ്ക്കായി കളിച്ച എല്ലാ മത്സരങ്ങളിലും രഹാനെ തന്റെ ആക്രമണം ആവർത്തിച്ചിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലും ഇത് കാണാൻ സാധിച്ചു. മത്സരത്തിൽ ഒരു തകർപ്പൻ ഇന്നിങ്സ് തന്നെയാണ് രഹാനെ കാഴ്ചവച്ചത്.
ഋതുരാജ് പുറത്തായ ശേഷമായിരുന്നു രഹാനെ ക്രീസിൽ എത്തിയത്. ഈ സീസണിൽ ഇതുവരെ കളിച്ചത് പോലെ തന്നെ ആക്രമണപരമായി രഹാനെ ആരംഭിച്ചു. ഒരു വശത്ത് ക്ലാസ് ഷോട്ടുകൾ കൊണ്ട് കളം നിറഞ്ഞപ്പോൾ, മറുവശത്ത് ഇന്നോവേറ്റീവ് ഷോട്ടുകളും രഹാനെ പയറ്റുകയുണ്ടായി. ഉമേഷ് യാദവിനെതിരെ സ്കൂപ്പ് ചെയ്തു നേടിയ സിക്സർ ഇന്നിങ്സിലെ തന്നെ ഏറ്റവും മനോഹരമായ ഷോട്ടുകളിൽ ഒന്നായിരുന്നു. മത്സരത്തിൽ കൊൽക്കത്ത ബോളർമാർ എല്ലാവരും രഹാനയുടെ ബാറ്റിന്റെ ചൂട് അറിഞ്ഞിട്ടുണ്ട്.
AJINKYA RAHANE – TAKE A BOW!
71* in just 29 balls with 6 fours and 5 sixes. The craziest knock you'll witness from Rahane, this is some comeback by Rahane. What a player! pic.twitter.com/JWc1oTEYmb
— Mufaddal Vohra (@mufaddal_vohra) April 23, 2023
കേവലം 24 പന്തുകളിൽ നിന്നായിരുന്നു രഹാനെ മത്സരത്തിലെ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ 29 പന്തുകൾ നേരിട്ട രഹാനെ 71 റൺസ് നേടുകയുണ്ടായി. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെട്ടു. ഏറ്റവും അത്ഭുതകരമായ കാര്യം രഹാനെയുടെ സ്ട്രൈക്ക് റേറ്റ് ആണ്. 244.8 സ്ട്രൈക്ക് റേറ്റിലാണ് ഈ സൂപ്പർ ബാറ്റർ കളിച്ചത്. മാത്രമല്ല ചെന്നൈ സൂപ്പർ കിങ്സിനായി മൂന്നാം വിക്കറ്റിൽ ശിവം ദുബെയോടൊപ്പം ചേർന്ന് ഒരു കിടിലൻ കൂട്ടുകെട്ടും രഹാനെ സൃഷ്ടിക്കുകയുണ്ടായി. എന്തായാലും രഹാനെയുടെ ഈ ട്രാൻസ്ഫർമേഷൻ സൂചിപ്പിക്കുന്നത് വലിയൊരു തിരിച്ചുവരവ് തന്നെയാണ്.
മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തങ്ങളുടെ ഇന്നിംഗ്സിന്റെ ആദ്യ ബോൾ മുതൽ ചെന്നൈ അടിച്ചു തുടങ്ങുകയുണ്ടായി. ചെന്നൈയുടെ മുൻനിരയിലെ മുഴുവൻ ബാറ്റർമാരും മത്സരത്തിൽ വെടിക്കെട്ട് തീർത്തു. 40 പന്തുകളിൽ 56 റൺസ് നേടിയ കോൺവെയും, 20 പന്തുകളിൽ 35 റൺസ് നേടിയ ഋതുരാജും, 21 പന്തുകളിൽ 50 നേടിയ ദുബെയും ചെന്നൈയുടെ സ്കോർ ഉയർത്തി. അങ്ങനെ നിശ്ചിത 20 ഓവറിൽ ഒരു വമ്പൻ സ്കോറിൽ ചെന്നൈ എത്തുകയായിരുന്നു.