രണ്ടാം ജയസൂര്യ ജനിച്ച് കഴിഞ്ഞു : വെടിക്കെട്ടിന് തിരി കൊളുത്തി രാജപക്സേ

ഇന്ത്യൻ പ്രീമിയർ ലീഗ് എക്കാലവും അനേകം പുത്തൻ പ്രതിഭകൾക്ക് ഉദയമായി മാറാറുണ്ട്. ഐപിൽ പതിനഞ്ചാം സീസണിന്റെ ആദ്യത്തെ ആഴ്ചയിലും അത്തരം ഒരു താരമായി മാറുകയാണ് ലങ്കൻ യുവ ബാറ്റ്‌സ്മാനും പഞ്ചാബ് കിങ്‌സ് താരവുമായ ബാനുക രാജപക്സേ.

കൊൽക്കത്തക്ക് എതിരായ ഇപ്പോൾ പുരോഗമിക്കുന്ന മത്സരത്തിൽ ഒരിക്കൽ കൂടി കയ്യടികൾ സ്വന്തമാക്കുകയാണ് താരം. ഒരിക്കൽ കൂടി ഇടംകയ്യൻ ബാറ്റിങ് മികവിനാൽ ശ്രദ്ധ നേടുന്ന താരം വെറും 9 ബോളിൽ മൂന്ന് സിക്സും മൂന്ന് ഫോറും അടക്കം അടിച്ചെടുത്തത് 31 റൺസ്‌. ഒരുവേള മുൻ ലങ്കൻ നായകനും ഇതിഹാസ താരവുമായ സനത് ജയസൂര്യയെ ഓർമിപ്പിച്ച താരം കൊൽക്കത്ത പേസർ ശിവം മാവി എറിഞ്ഞ മൂന്നാം ഓവറിൽ തുടർച്ചയായി സിക്സറുകൾ അടിച്ചതോടെ ആരാധകരും പഞ്ചാബ് കിങ്‌സ് ക്യാമ്പും ആവേശത്തിലായി.

ശിവം മാവി ഓവറിൽ ആദ്യത്തെ ബോളിൽ ഫോർ അടിച്ച താരം ശേഷം മൂന്ന് ബോളുകളിൽ സിക്സ് പായിച്ചപ്പോൾ ഓവറിലെ അഞ്ചാമത്തെ ബോളിൽ മാവി വിക്കെറ്റ് വീഴ്ത്തി.

അതേസമയം ഓഫ് സ്റ്റമ്പിന് വെളിയിൽ കൂടിയുള്ള ബോളുകളിൽ പോലും ജയസൂര്യ സ്റ്റൈലിൽ ലെഗ് സൈഡിലേക്ക് സിക്സ് അടിച്ച യുവ താരം ഇതിനകം മുൻ താരങ്ങളിൽ നിന്നും അടക്കം പ്രശംസ നേടി കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂർ എതിരെ ഐപിൽ അരങ്ങേറ്റം കുറിച്ച താരം 22 ബോളിൽ നിന്നും 43 റൺസ്‌ നേടിയിരുന്നു.