പൂജാരക്ക് ഡബിൾ സെഞ്ച്വറി!! അത്ഭുത നേട്ടങ്ങൾ : 118 വർഷത്തെ ചരിത്രത്തിലെ സൂപ്പർ സ്റ്റാർ

ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പ് ഡിവിഷൻ 2 മത്സരത്തിൽ ഇന്ത്യൻ ബാറ്റർ ചേതേശ്വർ പൂജാരക്ക് ഡബിൾ സെഞ്ച്വറി. മിഡിൽസെക്സിനെതിരായ മത്സരത്തിലാണ് സസെക്സ് ക്യാപ്റ്റനായ പൂജാര ഡബിൾ സെഞ്ച്വറി നേടിയത്. 403 പന്തിൽ 21 ഫോറും 3 സിക്സും സഹിതം 231 റൺസാണ് പൂജാരയുടെ സമ്പാദ്യം. പൂജാരയുടെ ബാറ്റിംഗ് കരുത്തിൽ, മത്സരത്തിൽ ആദ്യം ബാറ്റ്‌ ചെയ്ത സസെക്സ്, ഒന്നാം ഇന്നിംഗ്സിൽ 523 റൺസ് നേടി.

സസെക്സിനായി ഈ സീസണിൽ പൂജാര നേടുന്ന മൂന്നാമത്തെ ഡബിൾ സെഞ്ച്വറി ആണിത്. ഇതോടെ 118 വർഷത്തിനുശേഷം ഒരു കൗണ്ടി സീസണിൽ മൂന്ന് ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ സസെക്സ് താരമായി പൂജാര മാറി. ഇന്ത്യയുടെ ടെസ്റ്റ്‌ ടീമിൽ നിന്ന് മോശം ഫോമിന്റെ പേരിൽ പുറത്താകുന്നതിന്റെ വക്കിലെത്തിയ പൂജാര, ഇപ്പോൾ കൗണ്ടി ചാമ്പ്യൻഷിപ്പിൽ മികച്ച ഫോമിലാണ് കളിക്കുന്നത്.

കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായും പൂജാര മാറി. കൗണ്ടി ചാമ്പ്യൻഷിപ്പിൽ 8 സെഞ്ച്വറികൾ നേടിയ പൂജാര, കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ ബാറ്റർമാരുടെ പട്ടികയിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ്‌ അസ്ഹറുദ്ധീനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ്. മുൻ ഇന്ത്യൻ താരങ്ങളായ നവാബ് ഓഫ് പടൗഡി സീനിയർ, രവി ശാസ്ത്രി, വിവിഎസ് ലക്സ്മൻ എന്നിവരാണ് ഈ പട്ടികയിൽ 6 സെഞ്ച്വറികളുമായി രണ്ടാമതുള്ളത്.

മത്സരത്തിലേക്ക് വന്നാൽ, അസ്ലോപ് (135), പൂജാര (231) എന്നിവരുടെ കരുത്തിൽ സസെക്സ്‌ 523 റൺസ് നേടിയപ്പോൾ, ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച മിഡിൽസെക്സ്‌ ഇപ്പോൾ 103/0 എന്ന നിലയിലാണ്. രണ്ടാം ദിനം സ്റ്റംപ് എടുക്കുമ്പോൾ സസെക്സിന് 420 റൺസിന്റെ ലീഡ് ഉണ്ട്.