ഈ താരത്തിന് ബിസിസിഐ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണോ?

ഇന്ത്യൻ ടീമിൽ വലിയ ഭാവി പ്രവചിച്ചിരുന്ന യുവതാരമായിരുന്നു ഓപ്പണർ പ്രിത്വി ഷാ. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം മികച്ച പ്രകടനവും നടത്തുകയും ചെയ്തു. എന്നാൽ, അതിനിടെ സംഭവിച്ച പരിക്കും പിന്നീട് ഫിറ്റ്നസ് തെളിയിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തതോടെ പ്രിത്വി ഷാക്ക് പുറത്തിറക്കേണ്ടി വന്നു. അപ്പോഴേക്കും മറ്റു താരങ്ങൾ പ്രിത്വി ഷായുടെ സ്ഥാനം കയ്യടക്കി കഴിഞ്ഞിരുന്നു.

എന്നാൽ, രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായി വന്നതിനുശേഷം, തുടർച്ചയായി അവസരം ലഭിക്കാത്ത നിരവധി യുവ താരങ്ങൾക്ക് വ്യത്യസ്ത പരമ്പരകളിൽ അവസരം നൽകി വരുന്നുണ്ട്. എല്ലാ പരമ്പരകൾക്കും ഒരേ ടീമിനെ ഇറക്കുന്നതിന് പകരം, സീനിയർ താരങ്ങൾക്ക് ആവശ്യമായ വിശ്രമം അനുവദിച്ച്, അവർക്ക് പകരം യുവ താരങ്ങൾക്ക് അവസരം നൽകുന്ന രീതിയാണ് രാഹുൽ ദ്രാവിഡ്‌ നടപ്പിലാക്കുന്നത്.

ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ തുടങ്ങിയ താരങ്ങൾക്ക് ഓപ്പണർമാരായി അവസരം നൽകിയതിനൊപ്പം ഋഷഭ് പന്ത്, സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങളെ രാഹുൽ ദ്രാവിഡ്‌ ഓപ്പണർമാരായി പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പ്രിത്വി ഷായെ ഇന്ത്യൻ സെലക്ടർമാർ മറന്നു തുടങ്ങിയിരിക്കുന്നു എന്ന് വേണം പറയാൻ. സെലക്ടർമാർക്ക് മുന്നിൽ തന്നെ ഹൈലൈറ്റ് ചെയ്തു കാണിക്കാൻ, ആഭ്യന്തര ക്രിക്കറ്റിൽ പ്രിത്വി ഷാ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും, സെലക്ടർമാർ അത് കണ്ടില്ലെന്ന് നടിക്കുകയാണ്.

അടുത്തിടെ നടന്ന മുഷ്താക് അലി ടി20 ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ബാറ്റർമാരിൽ ഒരാളായിരുന്നു പ്രിത്വി ഷാ. എന്നിട്ടും, മഹാരാഷ്ട്ര ബാറ്ററെ ഇന്ത്യൻ ടീമിലേക്ക് എന്നല്ല ഇന്ത്യ എ ടീമിലേക്ക് പോലും പരിഗണിക്കാൻ സെലക്ടർമാർ തയ്യാറാകുന്നില്ല. ടി20 ലോകകപ്പിന് ശേഷം ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ന്യൂസിലാൻഡ് പര്യടനത്തിലും, വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിനും നിരവധി താരങ്ങൾക്ക് അവസരം നൽകിയപ്പോൾ, ടീം ഇന്ത്യ പ്രിത്വി ഷാക്ക് അവസരം നൽകിയില്ല എന്ന് മാത്രമല്ല, ബംഗ്ലാദേശ് എ-ക്കെതിരായ പരമ്പരക്കുള്ള ഇന്ത്യ എ സംഘത്തിൽ പോലും പ്രിത്വി ഷായെ ഉൾപ്പെടുത്തിയിട്ടില്ല.