നിക്കോളാസ് പൂരനെ പറന്നുപിടിച്ച് ഇഷാൻ കിഷൻ ; പല്ലിറുക്കി കലിപ്പടക്കി പൂരൻ

കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യ – വിൻഡീസ് ടി20 പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തിൽ ഇന്ത്യക്ക് 17 റൺസിന്റെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പര, ഇന്ത്യ 3-0 ത്തിന് അപരാജിതരായി സ്വന്തമാക്കി. നേരത്തെ നടന്ന, ഏകദിന പരമ്പരയിലും, ഇന്ത്യ വിൻഡീസിനെതിരെ വൈറ്റ്വാഷ് പരമ്പര വിജയം നേടിയിരുന്നു.

കഴിഞ്ഞ മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, സൂര്യകുമാർ യാദവ് (65), വെങ്കിട്ടേഷ് അയ്യർ (35*), ഇഷാൻ കിഷൻ (34) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ, 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസ് നിരയിൽ 47 പന്തിൽ 8 ഫോറും ഒരു സിക്സും സഹിതം 61 റൺസെടുത്ത നിക്കോളാസ് പൂരൻ മാത്രമാണ് ചെറുത്ത് നിന്നത്. മറ്റു ബാറ്റർമാരെല്ലാം വലിയ സ്കോർ കണ്ടെത്താതെ മടങ്ങിയതോടെ, വിൻഡീസ് 20 ഓവറിൽ 167/9 എന്ന ടോട്ടലിൽ ഒതുങ്ങി.

മത്സരത്തിനിടെ, നിക്കോളാസ് പൂരന്റെ വിക്കറ്റ് നഷ്ടത്തിന് ശേഷമുള്ള പൂരന്റെ മുഖഭാവം ക്യാമറയിൽ പതിഞ്ഞിരുന്നു. ഷാർദുൽ താക്കൂറിന്റെ ഒരു സ്ലോ ബോൾ ഉയർത്തിയടിക്കാൻ ശ്രമിച്ച പൂരനെ, ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ഒരു ഫുൾ ഡൈവ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. വിക്കറ്റിന്റെ റിപ്ലൈ ദൃശ്യങ്ങൾ കാണിക്കുന്നതിനിടയിൽ, ഡഗ്ഔട്ടിൽ ഇരുന്ന് പല്ലിറുക്കി ദേഷ്യമടക്കുന്ന പൂരനെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

നേരത്തെ, ഇന്ത്യക്ക് വേണ്ടി ഹർഷൽ പട്ടേൽ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ദീപക് ചാഹർ, ഷാർദുൽ താക്കൂർ, വെങ്കിട്ടേഷ് അയ്യർ എന്നിവർ 2 വീതം വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ബാറ്റിംഗിൽ പുറത്താവാതെ 35 റൺസ് എടുക്കുകയും, ബൗളിംഗിൽ 2 വിക്കറ്റുകൾ എടുക്കുകയും ചെയ്ത വെങ്കിട്ടേഷ് അയ്യർ, തന്റെ ഓൾറൗണ്ട് മികവ് പ്രകടിപ്പിച്ചത് മത്സരത്തിൽ ശ്രദ്ധേയമായി. എന്നാൽ, ഒരു ഫോറും 7 സിക്സും സഹിതം 31 പന്തിൽ 65 റൺസെടുത്ത സൂര്യകുമാർ യാദവിനെയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത്.