“ചില സ്പെഷ്യൽ താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചയിലാണ് ”:സൂചന നൽകി ബ്ലാസ്റ്റേഴ്‌സ് കോച്ച്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിൽ ഉജ്ജ്വല ഫോമിലാണ് കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലാസ്റ്റേഴ്സ് കളിച്ചു കൊണ്ടിരിക്കുന്നത്. 9 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ 14 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ടീം. ഈ സീസണിൽ ആദ്യ മത്സരത്തിൽ മോഹൻ ബഗാനോട് തോൽവി വഴങ്ങിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് അവസാന 8 മത്സരത്തിൽ പരാജയം അറിഞ്ഞിട്ടില്ല. തുടർന്നുള്ള 8 മത്സരങ്ങളിൽ നിന്ന് 3 വിജയങ്ങളും, 5 സമനിലകളുമാണ് നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് പിന്നിലെ പ്രധാന ശക്തിയായി പ്രവർത്തിക്കുന്നത് പരിശീലകൻ ഇവാൻ വുകമാനോവിച് ആണ്.

ഇന്നത്തെ നിർണായക മത്സരത്തിൽ ഹൈദരാബാദിനെ നേരിടുന്ന ബ്ലാസ്റ്റേഴ്‌സ് ഉറച്ച വിജയപ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്.ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് പുതിയ സൈനിംഗ് നടത്തും എന്ന് ഉറപ്പില്ല എന്നും ടീമിനെ മെച്ചപ്പെപ്പെടുത്തും എന്ന് ഉറപ്പുള്ള താരങ്ങളെ മാത്രമെ ഈ വിൻഡോയിൽ ടീമിൽ എത്തിക്കുക ഉള്ളൂ എന്നും സെർബിയൻ പരിശീലകൻ പറഞ്ഞു. അല്ലാതെ ഒരു താരം ക്ലബ് വിട്ടു എന്നത് കൊണ്ട് മാത്രം വേറെ ഒരു താരത്തെ എടുക്കില്ല എന്ന് ഇവാൻ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ചില ഇന്ത്യൻ താരങ്ങളുമായി ചർച്ച നടത്തുന്നുണ്ടെന്നും ടീമിന് ഇപ്പോൾ ഉള്ളതിൽ നിന്നും കൂടുതൽ എന്തെങ്കിലും കളത്തിൽ നൽകാൻ സാധിക്കുന്ന താരത്തെയാണ് വേണ്ടതെന്നും ഇവാൻ പറഞ്ഞു.ലീഡ് എടുത്ത മത്സരങ്ങളിൽ പരമാവധി വിജയം ഉറപ്പാക്കാൻ ബ്ലാസ്റ്റർസ് ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസാന മത്സരത്തിൽ ഗോവക്കെതിരെ രണ്ടു ഗോൾ ലീഡ് നേടിയിട്ടും ബ്ലാസ്റ്റേഴ്സിന് വിജയിക്കാനായിരുന്നില്ല. ഉറപ്പിച്ച വിജയമാണ് നഷ്ടപ്പെട്ട് പോയത്.

മത്സരങ്ങളിൽ 16 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഹൈദെരാബാദുമായി ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാവാൻ സാധ്യതയില്ല. എന്നാൽ 2022 ലെ ആദ്യ വിജയം കുറിക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.ഐഎസ്എല്ലിലെ 2021 – 2022 സീസണിലെ രണ്ട് സൂപ്പര്‍ ടീമുകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ തീ പാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം.