അവനാണ് മെയിൻ പ്രശ്നം!!പരാഗിന് പകരം താരം വരണം :നിർദേശം നൽകി സഞ്ജയ്‌ മഞ്ജരേക്കർ

മുൻ സീസണുകളെ അപേക്ഷിച്ച് പ്രഥമ ഐപിഎൽ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസ് 2008-ന് ശേഷം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഒരു ഐപിഎൽ സിസണാണ് ഈ വർഷം കടന്നുപോയത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവുപുലർത്തിയ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ഐപിഎൽ 2022-ന്റെ ഫൈനലിൽ പരാജയപ്പെട്ടെങ്കിലും, ഭാവിയിലേക്ക് വലിയ പ്രതീക്ഷയാണ് ടീം മുന്നോട്ടുവെക്കുന്നത്.

എന്നാൽ, വരും സീസണുകളിൽ രാജസ്ഥാൻ റോയൽസ്‌ തങ്ങളുടെ ടീമിൽ ചില മാറ്റങ്ങൾ വരുത്തണം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ക്രിക്കറ്റ്‌ താരങ്ങൾ. രാജസ്ഥാൻ റോയൽസിന്റെ യുവ ഓൾറൗണ്ടർ റിയാൻ പരാഗിനെ തള്ളിപ്പറഞ്ഞുകൊണ്ട് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ ആണ് ഈ ചർച്ചക്ക് തുടക്കമിട്ടത്. റിയാൻ പരാഗിന് പകരം ആ സ്ഥാനത്ത് മറ്റൊരു മുൻ രാജസ്ഥാൻ റോയൽസ് ഓൾറൗണ്ടർ ആയിരുന്നുവെങ്കിൽ രാജസ്ഥാന് ഈ സീസണിൽ കുറച്ചുകൂടി മികവു പുലർത്താനാകുമായിരുന്നു എന്ന് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.

“രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും മികച്ച ഐപിഎൽ സീസണുകളിൽ ഒന്നാണ് ഇപ്പോൾ കടന്നുപോയത്. ഭാവി സീസണുകളിലേക്ക് വലിയ പ്രതീക്ഷകളാണ് ടീം നൽകുന്നത് എന്നിരുന്നാലും, റിയാൻ പരാഗിനെ പോലെ ഒരു ഓൾറൗണ്ടർ അല്ലായിരുന്നു രാജസ്ഥാൻ റോയൽസിന് വേണ്ടിയിരുന്നത്. ആ സ്ഥാനത്ത് രണ്ടോ മൂന്നോ ഓവർ ബോൾ ചെയ്യാനും ബാറ്റ്‌ ചെയ്യാനും കെൽപ്പുള്ള ഒരു താരമായിരുന്നു വേണ്ടിയിരുന്നത് അതിനുപറ്റിയ ഒരാളായിരുന്നു മുൻ രാജസ്ഥാൻ റോയൽസ് താരം രാഹുൽ തെവാതിയ,” മഞ്ജരേക്കർ പറഞ്ഞു.

എന്നാൽ, മറ്റൊരു അഭിപ്രായമാണ് മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ഡാനിയൽ വെട്ടോറിക്ക് പങ്കുവെക്കാൻ ഉണ്ടായിരുന്നത്. “രാജസ്ഥാൻ റോയൽസിന് മികച്ച ബാറ്റിംഗ് നിരയുണ്ട്. എന്നിരുന്നാലും നിങ്ങൾ ഒന്നു ചിന്തിച്ചുനോക്കൂ, ഈ സീസണിൽ ജോസ് ബട്ട്ലർ അവരുടെ ടീമിൽ ഇല്ലായിരുന്നുവെങ്കിൽ അവരുടെ ബാറ്റിംഗ് പ്രകടനം എന്തായിരിക്കുമായിരുന്നു എന്ന്. ഷിംറോൻ ഹെറ്റ്മയർ, യശാവി ജയിസ്വാൾ, ദേവ്ദത് പടിക്കൽ, സഞ്ജു സാംസൺ തുടങ്ങിയ വമ്പൻ ബാറ്റിംഗ് നിര രാജസ്ഥാന് ഉണ്ടായിരുന്നിട്ടും അവർ ബട്ട്ലറെ അമിതമായി ആശ്രയിച്ചു. ആഴമില്ലാത്ത ബാറ്റിങ് നിരയാണ് രാജസ്ഥാൻ റോയൽസിന്റെ വലിയ പ്രശ്നം,” വെട്ടോറി പറഞ്ഞു.

Rate this post