അവർ യുവിയെയും കൈഫിനേയും ഓർമിപ്പിച്ചു : പുകഴ്ത്തി മുൻ താരം

മാഞ്ചസ്റ്റർ ഏകദിനത്തിൽ ജയം സ്വന്തമാക്കിയതോടെ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 2-1 ന് നേടി. നേരത്തെ, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും ഇന്ത്യ 2-1 ന് സ്വന്തമാക്കിയിരുന്നു. ഞായറാഴ്ച (ജൂലൈ 17) നടന്ന മത്സരത്തിൽ, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ടോപ് ഓർഡർ ബാറ്റിംഗ് നിര തകർന്നടിഞ്ഞപ്പോൾ, മധ്യനിരയിൽ ഇരുവരും നടത്തിയ ബാറ്റിംഗ് പ്രകടനം ഇന്ത്യയുടെ ഇന്നിംഗ്സിൽ നിർണ്ണായകമായി.

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന മത്സരത്തിലെ ഋഷഭ് പന്തിന്റെയും ഹാർദിക് പാണ്ഡ്യയുടെയും പ്രകടനം തന്നെ, 2002 നാറ്റ്‌വെസ്റ്റ് ടൂർണമെന്റിന്റെ ഫൈനൽ ഓർമ്മിപ്പിച്ചു എന്ന് മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ പറഞ്ഞു. ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ഫൈനൽ മത്സരത്തിൽ, ഇന്ത്യയുടെ ടോപ്പ് ഓർഡർ തകർന്നടിഞ്ഞപ്പോൾ, അന്ന് യുവതാരങ്ങൾ ആയിരുന്ന യുവരാജ് സിംഗും മുഹമ്മദ്‌ കൈഫും ചേർന്നാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്.

“ഋഷഭ് പന്തിന്റെയും ഹാർദിക് പാണ്ഡ്യയുടെയും പ്രകടനം ഗംഭീരം. അവരുടെ കളി കണ്ടപ്പോൾ, എനിക്ക് 2002 നാറ്റ്‌വെസ്റ്റ് ഫൈനൽ ഓർമ്മ വന്നു. ഇന്ന്, പന്തും ഹാർദിക്കുമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചതെങ്കിൽ, അന്ന് സമാന സാഹചര്യത്തിൽ യുവ താരങ്ങളായിരുന്ന യുവരാജ് സിംഗും മുഹമ്മദ്‌ കൈഫുമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്,” ഡാനിഷ് കനേരിയ പറഞ്ഞു.

“ഋഷഭ് പന്ത് മികച്ച ഭാവിയുള്ള കളിക്കാരനാണ്. ഇന്ന് അയാൾ 100 നേടിയെങ്കിൽ, നാളെ 200 നേടാൻ കെൽപ്പുള്ള ബാറ്ററാണ് അദ്ദേഹം. ഹാർദിക് പാണ്ഡ്യയും ഇപ്പോൾ മികച്ച ഫോമിലാണ് കളിക്കുന്നത്. അദ്ദേഹം മികച്ച ഫിറ്റ്നസും കാണിക്കുന്നു. ഇതുപോലുള്ള താരങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ടെങ്കിൽ, അവർക്ക് ഏത് കളിയും അനായാസം ജയിക്കാം,” കനേരിയ പറഞ്ഞു.