സഞ്ജു കേരള മണ്ണിൽ കളിക്കുമോ??? പുതിയ ഹോം പരമ്പരകൾ തീയതികൾ പ്രഖ്യാപിച്ച് ബിസിസിഐ

വരാനിരിക്കുന്ന ഇന്ത്യയുടെ വൈറ്റ് ബോൾ പരമ്പരകളുടെ മത്സരക്രമവും മൈതാനങ്ങളുടെ ലിസ്റ്റും പുറത്തുവിട്ടു ബിസിസിഐ. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലായി നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് പൂർത്തിയായ ശേഷം ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകൾ ഇന്ത്യയിൽ പര്യടനം നടത്തും.

ഒക്ടോബർ – നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കാൻ പോകുന്ന ട്വന്റി ട്വന്റി ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് അവസാന വട്ട ഒരുക്കങ്ങൾ മുൻകൂട്ടി കണ്ടാണ് ഇന്ത്യ ഇറങ്ങുന്നത്. 3 ട്വന്റി ട്വന്റി മത്സരങ്ങൾ അടങ്ങുന്ന പരമ്പരക്കായാണ് ഓസ്ട്രേലിയൻ ടീം എത്തുന്നത്. പിന്നീട് വരുന്ന ദക്ഷിണ ആഫ്രിക്കൻ ടീം 3 ട്വന്റി ട്വന്റി മത്സരങ്ങൾക്ക് പുറമെ 3 ഏകദിന മത്സരങ്ങൾ കൂടി കളിക്കുന്നുണ്ട്‌.

സെപ്റ്റംബർ 20, 23, 25 തീയതികളിലായി അരങ്ങേറുന്ന ഓസീസിന്റെ ഇന്ത്യൻ ട്വന്റി ട്വന്റി പര്യടനത്തിന്റെ വേദികൾ യഥാക്രമം മൊഹാലി, നാഗ്‌പൂർ, ഹൈദരാബാദ് എന്നിവയാണ്. ഓസീസ് മടങ്ങുന്നതോട് കൂടി ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിൽ എത്തുന്നു. സെപ്റ്റംബർ 28 ന്‌ ട്വന്റി ട്വന്റി പരമ്പര ആരംഭിക്കുന്നത് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ഗുവാഹത്തിയിലും ഒക്ടോബർ നാലിന് ഇൻഡോറിലും ആണ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ.

തുടർന്ന് വരുന്ന ഏകദിന മത്സരങ്ങൾ ഒക്ടോബർ 6, 9, 11 തീയതികളിലായി യഥാക്രമം ലഖ്നൗ, റാഞ്ചി, ‍ഡൽഹി എന്നീ വേദികളിൽ അരങ്ങേറും. മിക്കവാറും ഏകദിന പരമ്പരയിൽ ഇന്ത്യ ബി ടീമിനെ ഇറക്കാനാണ് സാധ്യത. കാരണം ട്വന്റി ട്വന്റി ലോകകപ്പിനായി പുറപ്പെടുന്ന സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കും. മലയാളി താരം സഞ്ജു സാംസൺ തന്റെ ഹോം ഗ്രൗണ്ടായ കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന ട്വന്റി ട്വന്റി മത്സരത്തിൽ ഇടം നേടുമോ എന്ന ആശങ്കയിലാണ് മലയാളികൾ. കഴിഞ്ഞ തവണ സ്റ്റേഡിയത്തിൽ മത്സരം നടന്നപ്പോൾ സഞ്ജു ടീമിൽ ഉണ്ടായിരുന്നു എങ്കിലും പ്ലയിംഗ് ഇലവനിൽ അവസരം ലഭിച്ചില്ല. എന്നാല് ഇത്തവണയെങ്കിലും അതിനു സാധിക്കും എന്ന് കരുതാം