ഈ അണ്ടർ 19 ലോകകപ്പ് ഹീറോ ഭാവിയിൽ വിരാട് കോഹ്ലിയുടെ പകരക്കാൻ ; അണ്ടർ 19 താരത്തെ പ്രശംസിച്ച് ഇന്ത്യയുടെ മുൻ ചീഫ് സെലക്ടർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ചീഫ് സെലക്ടറും ടീം ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ എംഎസ്കെ പ്രസാദ്, അണ്ടർ 19 ലോകകപ്പ്‌ ജേതാക്കളായ ഇന്ത്യൻ ടീമിലെ ഒരു താരത്തെ പ്രശംസിച്ച് രംഗത്തെത്തി. നിലവിൽ വിരാട് കോഹ്‌ലി കളിക്കുന്ന ഇന്ത്യയുടെ മൂന്നാം നമ്പറിലേക്കുള്ള ഭാവി വാഗ്ദാനമാണ് ഈ ലോകകപ്പ് ഹീറോ എന്നും മുൻ ചീഫ് സെലക്ടർ പറഞ്ഞു.

ശനിയാഴ്ച നടന്ന ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ വിജയിച്ചതിന് തൊട്ടുപിന്നാലെ, എംഎസ്‌കെ പ്രസാദ് അണ്ടർ 19 വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദിനെ പ്രശംസിക്കുകയും ഇന്ത്യയുടെ ഭാവി മൂന്നാം നമ്പർ ബാറ്റ്‌സ്മാൻ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. രാഹുൽ ദ്രാവിഡിന്റെ സാങ്കേതികതയും സ്വഭാവവും സ്ഥിരോത്സാഹവും ആണ് ഷെയ്ഖ് റഷീദ് തന്നെ ഓർമ്മിപ്പിക്കുന്നതെന്ന് എംഎസ്‌കെ പ്രസാദ് പറയുന്നു.

“റെഡ് ബോൾ, വൈറ്റ് ബോൾ ക്രിക്കറ്റിൽ നമ്മുടെ ഭാവി നമ്പർ 3 കളിക്കാരൻ അവനായിരിക്കാം,” അണ്ടർ 19 ലോകകപ്പിൽ മിന്നും ബാറ്റിംഗ് നടത്തിയ റഷീദിനെ കുറിച്ച് മുൻ ചീഫ് സെലക്ടർ പറയുന്നു. എന്നാൽ, ഭാവി ഇപ്പോൾ പ്രവചിക്കുന്നില്ല എന്നായിരുന്നു റഷീദിന്റെ പ്രതികരണം. “ഞങ്ങൾ ഇപ്പോൾ അണ്ടർ 19 ലോകകപ്പ് നേടി, അതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. എനിക്ക് എന്റെ ഗെയിം മെച്ചപ്പെടുത്തേണ്ടതുണ്ട്, ഞാൻ അതിൽ പ്രവർത്തിക്കും. ഭാവി എങ്ങനെ ആകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലല്ലോ,” ക്രിക്ക്ബസിനോട് സംസാരിക്കവെ ഷെയ്ഖ് റഷീദ് പറഞ്ഞു.

എന്നാൽ, അണ്ടർ 19 ലോകകപ്പിൽ കളിച്ച നിരവധി താരങ്ങൾ വരുന്ന 2022 ഐപിഎൽ മെഗാ താരലേലത്തിന് പേര് രജിസ്റ്റർ ചെയ്തപ്പോൾ, റഷീദിന് താരലേലത്തിൽ പേര് രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ല. ഐ‌പി‌എല്ലിൽ പങ്കെടുക്കാൻ ഒരു ലിസ്റ്റ് എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് മത്സരമെങ്കിലും കളിച്ചിട്ടുണ്ടാവണം എന്ന നിബന്ധനയാണ് റഷീദിന് താരലേലത്തിൽ വിലങ്ങുതടിയായത്. റഷീദ് ഇതുവരെ ഒരു ലിസ്റ്റ് എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചിട്ടില്ല.