സിക്സ് ഫോർ!! സൂപ്പർ എൻട്രിയുമായി ധോണി :ചരിത്ര നേട്ടം കുറിച്ച് എംഎസ് ധോണി!! 7000റൺസ്‌ ക്ലബ്‌ പട്ടികയിൽ കോഹ്‌ലിക്കും രോഹിത്തിനുമൊപ്പം

ശനിയാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐ‌പി‌എൽ 2022 സീസണിലെ ഓപ്പണിങ് മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ്‌ പരാജയപ്പെട്ടെങ്കിലും, കർട്ടൻ റൈസറിൽ ഇതിഹാസ താരം എം‌എസ് ധോണിയുടെ ബാറ്റിംഗ് പ്രകടനം ശ്രദ്ധ നേടിയിരുന്നു. രണ്ട് തവണ ജേതാക്കളായ നൈറ്റ് റൈഡേഴ്‌സിനെതിരെ ആവേശകരമായ അർദ്ധ സെഞ്ച്വറി നേടിയാണ് ധോണി ഐപിഎൽ 2022 സീസണ് തുടക്കം കുറിച്ചത്.

കെകെആറിനെതിരെ നടന്ന മത്സരത്തിൽ 50 റൺസ് നേടിയതോടെ, കളിയുടെ ഏറ്റവും ചെറിയ ഫോർമാറ്റിൽ 6,985 റൺസ് കുറിച്ച ധോണിക്ക്, ടി20 ഫോർമാറ്റിൽ 7000 റൺസ് അപൂർവ്വ നേട്ടത്തിലെത്താൻ 15 റൺസ് മാത്രമാണ് വേണ്ടിയിരുന്നത്. ഇപ്പോൾ, നടന്നുകൊണ്ടിരിക്കുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയുള്ള മത്സരത്തിൽ പുറത്താകാതെ 16 റൺസ് നേടിയതോടെ, ഇന്ത്യയുടെ ഇതിഹാസ ബാറ്റർ, ക്രിക്കറ്റിന്റെ കുട്ടി ഫോർമാറ്റിൽ 7000 റൺസ് തികക്കുന്ന ബാറ്റർമാരുടെ എലൈറ്റ് ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്.ഇന്ത്യൻ ബാറ്റ്‌സ്മാൻമാരായ കോഹ്‌ലി, രോഹിത്, ധവാൻ, റോബിൻ ഉത്തപ്പ എന്നിവർ നേരത്തെ തന്നെ കളിയുടെ ഏറ്റവും ചെറിയ ഫോർമാറ്റിൽ 7000-ത്തിലധികം റൺസ് നേടിയിട്ടുണ്ട്.

ഇതോടെ, ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബാറ്റിസ്മാനായി മാറിയിരിക്കുകയാണ് എംഎസ് ധോണി. നിലവിൽ, മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ 210 റൺസ് നേടിയിട്ടുണ്ട്.

മുൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ കോഹ്‌ലി (10,326) റൺസുമായി ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാമനായി തുടരുമ്പോൾ, മുംബൈ ഇന്ത്യൻ നായകൻ രോഹിത് (9,936), പഞ്ചാബ് കിംഗ്‌സ് ഓപ്പണർ ധവാൻ (8,818) സിഎസ്‌കെ ബാറ്റർ ഉത്തപ്പ (7,070) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. നിലവിൽ അഞ്ചാമനായ മുൻ സിഎസ്കെ നായകനായ ധോണി (7001) റൺസ് നേടിയിട്ടുണ്ട്.