ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന് വേദികളായായി ; ടൂർണമെന്റ് സെപ്റ്റംബർ 16ന് ആരംഭിക്കും

ലെജൻഡ്സ്‌ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷന്റെ മത്സരക്രമം പുറത്തുവന്നു. ലെജൻഡ്സ്‌ ലീഗ് ക്രിക്കറ്റ് 2022 ടൂർണമെന്റിന് സെപ്റ്റംബർ 16-ന് തുടക്കമാവും. ഒക്ടോബർ 8-നാണ് ഫൈനൽ മത്സരം നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് നഗരങ്ങളിലായി ടൂർണമെന്റിൽ 15 മത്സരങ്ങളാണ് നടക്കുക. കോൽക്കത്ത, ന്യൂഡൽഹി, കട്ടക്ക്, ലക്നൗ, ജോധ്പൂർ എന്നീ നഗരങ്ങളാണ് ലെജൻഡ്സ്‌ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷന് വേദിയാവുക.

ആദ്യഘട്ട മത്സരങ്ങളുടെ സ്റ്റേഡിയങ്ങൾ പ്രഖ്യാപിച്ചപ്പോൾ, പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങളുടെ സ്റ്റേഡിയങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ മഹാരാജാസ് – വേൾഡ് ജിയന്റ്സ് സ്പെഷ്യൽ മത്സരത്തോടെയാണ്‌ ലെജൻഡ്സ്‌ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷന് തുടക്കമാവുക. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ഈ മത്സരം നിശ്ചയിച്ചിരിക്കുന്നത്.

ഈ സ്പെഷ്യൽ മത്സരത്തിൽ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഇന്ത്യ മഹാരാജാസിനേയും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇഓയിൻ മോർഗൻ വേൾഡ് ജിയന്റ്സിനേയും നയിക്കും. ഈഡൻ ഗാർഡൻസിൽ സെപ്റ്റംബർ 16-ന് നടക്കുന്ന ഉദ്ഘാടന മത്സരം ഉൾപ്പെടെ മൂന്ന് മത്സരങ്ങൾ നടക്കും. ശേഷം, സെപ്റ്റംബർ 21-22 തീയതികളിൽ ലക്നൗവിലും, സെപ്റ്റംബർ 24-26 തീയതികളിൽ ന്യൂഡൽഹിയിലും, സെപ്റ്റംബർ 27-30 തീയതികളിൽ കട്ടക്കിലും, ഒക്ടോബർ 1-3 തീയതികളിൽ ജോധ്പൂരിലും മത്സരങ്ങൾ നടക്കും.

ഒക്ടോബർ 5, 7 തീയതികളിലാണ് പ്ലേ ഓഫ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബർ 8-ന് ഫൈനൽ മത്സരം നടക്കും. മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ രവി ശാസ്ത്രിയാണ് ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ കമ്മീഷണർ. “ഈ അത്ഭുതകരമായ ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ ക്രിക്കറ്റ് ആരാധകരെ മയക്കാനാണ് ഞങ്ങൾ വരുന്നത്. ഈ ഫെസ്റ്റിവൽ സീസണിൽ ഞങ്ങൾ ടോപ്പ് ലെജന്റുകളുമായി ക്രിക്കറ്റ് കാർണിവൽ അവതരിപ്പിക്കും,” സ്റ്റേഡിയങ്ങൾ പ്രഖ്യാപിച്ച ശേഷം രവി ശാസ്ത്രി പറഞ്ഞു.

Rate this post