സച്ചിനെതിരെ കളിക്കുന്നത് ഞാൻ വെറുത്തു 😱ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ താരം

ലോക ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി സച്ചിൻ ടെൻടുൽക്കറെ കണക്കാക്കുന്നു, സമാനമായി ലോക ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായി ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീയേയും കണക്കാക്കുന്നു. ഇരുവരും മൈതാനത്ത് പല തവണ ഏറ്റെമുട്ടിയിട്ടുണ്ട്, അതെല്ലാം ആരാധകർക്ക് മനോഹരമായ ഓർമ്മകളും നൽകുന്നു. സച്ചിന്റെ വിക്കറ്റ് പല തവണ വീഴ്ത്തിയ ബ്രെറ്റ് ലീ, പലപ്പോഴും സച്ചിന്റെ ബാറ്റിന്റെ ചൂട് ശരിക്കും തിരിച്ചറിഞ്ഞിട്ടുമുണ്ട്.

എന്നിരുന്നാലും, അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിനെ 14 തവണ പുറത്താക്കിയ ബ്രെറ്റ് ലീയുടെ പേരിലാണ്, ഇന്നുവരെ മാസ്റ്റർ ബ്ലാസ്റ്ററെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ ബൗളർ എന്ന റെക്കോർഡ് ഉള്ളത്. എന്നാൽ, താൻ സച്ചിനെതിരെ ബൗൾ ചെയ്യുന്നത് വെറുത്തിരുന്നു എന്നാണ് മുൻ ഓസ്ട്രേലിയൻ പേസർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. മുൻ പാകിസ്ഥാൻ പേസർ ഷൊയ്ബ് അക്തറുമായി അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് ലീയുടെ വെളിപ്പെടുത്തൽ.

“സച്ചിൻ (ടെൻടുൽക്കർ) ലോക ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച ബാറ്ററാണ്. എന്നാൽ, ഞാൻ അദ്ദേഹത്തിനെതിരെ ബോൾ ചെയ്യുന്നത് ഞാൻ വെറുത്തിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിംഗ് സാങ്കേതികത വളരെ മികച്ചതായിരുന്നു. അതുകൊണ്ടാണ് എനിക്ക് സച്ചിനെതിരെ ബോൾ ചെയ്യുന്നത് വെറുപ്പുള്ള കാര്യമായി മാറിയത്,” സച്ചിൻ ടെൻടുൽക്കറുമായുള്ള ഏറ്റുമുട്ടലുകൾ ഓർത്തെടുത്ത് ബ്രെറ്റ് ലീ പറഞ്ഞു.

എന്നാൽ, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ സച്ചിൻ ആണെന്ന് പറഞ്ഞ ബ്രെറ്റ് ലീ, എക്കാലത്തെയും ഏറ്റവും മികച്ച ക്രിക്കറ്ററായി ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്ക് കല്ലിസിനെ തിരഞ്ഞെടുത്തു. “എന്റെ അഭിപ്രായത്തിൽ കല്ലിസ് ആണ് ഏറ്റവും മികച്ച ക്രിക്കറ്റർ. അദ്ദേഹം ബാറ്റ് കൊണ്ടും ബോൾ കൊണ്ടും മികച്ചവനാണ്. എന്നാൽ, ഞാൻ ബാറ്റ് ചെയ്യാൻ നിൽക്കുമ്പോൾ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടിയിരുന്നത് മുത്തയ്യ മുരളീധരനെ ആയിരുന്നു,” ബ്രെറ്റ് ലീ പറഞ്ഞു.