മഹി സ്റ്റൈൽ ഫിനിഷ് മാത്രമല്ല ധോണി റെക്കോർഡും നേടി അക്ഷർ പട്ടേൽ!!! Record Alert

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ, ഓൾറൗണ്ടർ അക്സർ പട്ടേൽ അവസാന ഓവറുകളിൽ മികച്ച രീതിയിൽ ബാറ്റ് വീശിയതാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ബാറ്റിംഗ് ലൈനപ്പിൽ 7-ാമനായി ക്രീസിലെത്തിയ അക്സർ പട്ടേൽ, 35 പന്തിൽ നിന്ന് 3 ഫോറും 5 സിക്സും സഹിതം 182.86 സ്ട്രൈക്ക് റേറ്റോടെ 64* റൺസ് നേടി പുറത്താകാതെ നിന്നു.

ഇതോടെ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ പേരിലുണ്ടായിരുന്ന ഒരു റെക്കോർഡ് മറികടന്നിരിക്കുകയാണ് ആക്സർ പട്ടേൽ. ഏകദിന ഫോർമാറ്റിൽ, ഒരു ഇന്നിംഗ്സിൽ എഴോ അതിൽ താഴയോ ആയി ബാറ്റിംഗ് ലൈനപ്പിൽ ബാറ്റ്‌ ചെയ്ത ബാറ്റർമാരിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് അക്സർ പട്ടേൽ.

നേരത്തെ, 2005-ൽ സിംബാബ്‌വെക്കെതിരെ നടന്ന ഏകദിനത്തിൽ 3 സിക്സറുകളാണ് ധോണി പറത്തിയത്. ഈ റെക്കോർഡ് ആണ് വെസ്റ്റ് ഇൻഡീസിനെതിരെ 5 സിക്സറുകൾ പറത്തി ഇപ്പോൾ അക്സർ പട്ടേൽ മറികടന്നിരിക്കുന്നത്. മത്സരശേഷം, തന്റെ ഐതിഹഹാസിക ഇന്നിംഗ്സിനെ കുറിച്ച് അക്സർ പട്ടേൽ തുറന്നു പ്രതികരിക്കുകയും ചെയ്തു. “ഇത്‌ ഒരു മനോഹരമായ നിമിഷമാണ്. ടീമിന് ആവശ്യമായ സമയത്ത് ഇതുപോലുള്ള ഇന്നിംഗ്സുകൾ കളിക്കാൻ ഞാൻ ഇനിയും ആഗ്രഹിക്കുന്നു,” അക്സർ പട്ടേൽ പറയുന്നു.

“അഞ്ച് വർഷത്തിന് ശേഷമാണ് ഞാൻ ഏകദിന ഫോർമാറ്റിൽ കളിക്കുന്നത്. വളരെ ശാന്തമായി കളിക്കുക എന്ന് മാത്രമാണ് ഞാൻ ശ്രദ്ധിച്ചത്. അത് ഫലം കണ്ടു,” അക്സർ പട്ടേൽ പറഞ്ഞു. ഏകദിന പരമ്പരക്ക് ശേഷം നടക്കാനിരിക്കുന്ന ടി20 പരമ്പരയിലും അക്സർ പട്ടേൽ ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. മികച്ച പ്രകടനം തുടരാൻ ആയാൽ തീർച്ചയായും അക്സർ പട്ടേലിനെ സെലക്ടർമാർ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കും.