കോഹ്ലിക്ക്‌ അറിയിപ്പ് എത്തി !! സിംബാബ്ക്കെതിരെ കോഹ്ലി : സഞ്ജു ജോഡി ഇറങ്ങുമോ : ബിസിസിഐ സൂപ്പർ പ്ലാൻ ഇങ്ങനെ

ഇന്ത്യയുടെ സീനിയർ ബാറ്റർ വിരാട് കോഹ്‌ലിക്ക് ഇന്ത്യൻ ടീമിൽ നിന്ന് അധിക നാൾ വിശ്രമം നൽകിയേക്കില്ല. ഓഗസ്റ്റ് 18-ന് ആരംഭിക്കുന്ന സിംബാബ്‌വെക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലേക്ക് കോഹ്‌ലി തിരിച്ചെത്തിയേക്കും എന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിൽ ഫോം കണ്ടെത്താൻ വിഷമിച്ച കോഹ്‌ലിക്ക്, ആരംഭിക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്നു.

സമീപ കാലത്ത് മോശം ഫോമിൽ തുടരുന്ന കോഹ്‌ലി, കുറച്ച് കാലം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കണം എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ടീമിൽ നിന്ന് 5 മാസത്തെ ഇടവേള എടുക്കുകയും, ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതും കോഹ്‌ലിയുടെ കാര്യത്തിൽ പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഏഷ്യ കപ്പ്‌, ഐസിസി ടി20 ലോകകപ്പ് തുടങ്ങിയ പ്രധാന ടൂർണമെന്റുകൾ അടുത്തടുത്തായി വരാനിരിക്കെ, കോഹ്ലിക്ക് അധിക നാൾ വിശ്രമം നൽകാനാവില്ല എന്നാണ് വിലയിരുത്തൽ.

പ്രധാന ടൂർണമെന്റുകൾക്ക് മുമ്പായി കോഹ്‌ലിയെ ഫോമിലേക്ക് മടക്കി കൊണ്ടുവരാനാണ് ടീം മാനേജ്മെന്റ് പദ്ധതിയിടുന്നത്. അതുകൊണ്ട് തന്നെ, ഏഷ്യ കപ്പിന് മുന്നോടിയായി നടക്കുന്ന സിംബാബ്‌വെ പര്യടനത്തിൽ കോഹ്‌ലിയെ കളിപ്പിച്ച്, താരതമ്യേനെ ചെറിയ എതിരാളികൾക്കെതിരെ കോഹ്ലിക്ക് ഫോമിലേക്ക് അതിവേഗം മടങ്ങി വരാൻ കഴിയും എന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷകൾ.

അതേസമയം, വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ കളിക്കുന്ന സീനിയർ താരങ്ങൾക്ക് സിംബാബ്‌വെ പര്യടനത്തിൽ വിശ്രമം അനുവദിച്ചേക്കും. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരക്ക് സമാനമായി ശിഖർ ധവാൻ തന്നെയായിരിക്കും സിംബാബ്‌വെ പര്യടനത്തിലും ഇന്ത്യയെ നയിക്കുക. അതേസമയം, നിലവിൽ ഇംഗ്ലണ്ടിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന കോഹ്‌ലി, ഓഗസ്റ്റ് 1 മുതൽ പരിശീലനം തുടങ്ങും എന്നും റിപ്പോർട്ടുകൾ ഉണ്ട്.