ഏഷ്യാകപ്പിൽ ഓഗസ്റ്റ് 28 ന് നടക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ വിരാട് കോഹ്ലി അർധസെഞ്ച്വറി നേടിയാൽ അദ്ദേഹത്തിന്റെ വിമർശകർകരുടെ വായ അടയുമെന്നും ഫോമിലേക്ക് തിരിച്ചു വരാൻ അദ്ദേഹത്തിന് ഒരു ഇന്നിംഗ്സ് മാത്രമേ ആവശ്യമുള്ളൂവെന്നും മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി പറഞ്ഞു.
ഇംഗ്ലണ്ടുമായുള്ള പരമ്പരക്ക് ശേഷം കോഹ്ലി ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ കൊഹ്ലിയുടെ നിലവിലെ പ്രകടനത്തെകുറിച്ച് പല വിമർശനങ്ങളും നേരിടെണ്ടി വന്നിട്ടുണ്ട്. “ഞാൻ വിരാട് കോഹ്ലിയുമായി കുറച്ചുകാലമായി സംസാരിച്ചിട്ടില്ല. ഏഷ്യാ കപ്പിന് മുമ്പ് കോഹ്ലിയുടെ വിശ്രമം നല്ലതായിരുന്നു. പാക്കിസ്ഥാനെതിരെ അദ്ദേഹം ഫിഫ്റ്റി നേടിയാൽ എല്ലാവരും വായ പൊത്തും രവി ശാസ്ത്രി വ്യക്തമാക്കി.

വിരാട് കോഹ്ലി ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച താരമാണ്.കുടുംബത്തോടൊപ്പമുള്ള അദ്ദേഹത്തിന്റെ സമയവും യാത്രകളും തന്റെ ക്രിക്കറ്റ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിച്ചതായി കോഹ്ലി മുമ്പ് പറഞ്ഞിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു. നിലവിലെ കലണ്ടർ വർഷത്തിലെ ഇന്ത്യയുടെ ഇതുവരെയുള്ള 21 ട്വന്റി ട്വന്റികളിൽ നാല് ട്വന്റി ട്വന്റികൾ മാത്രം കളിച്ച വിരാട് കൊഹ്ലി പരമ്പരകൾക്കിടയിൽ ഇടവേളകൾ എടുത്തിരുന്നു.
പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ഉദ്ഘാടന മത്സരത്തിൽ തന്റെ ഫോം വീണ്ടെടുക്കാൻ കോഹ്ലിക്ക് മികച്ച അവസരമാണ് മുന്നിലുള്ളത്. പാക്കിസ്ഥാനെതിരായ ഏഴ് മത്സരങ്ങളിൽ നിന്ന് 77.75 ശരാശരിയിൽ 311 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.