റാങ്കിങ്ങിൽ തകർന്ന് വിരാട് കോഹ്ലി കുതിച്ച് യുവ താരം!!ഒന്നാം സ്ഥാനം റൂട്ടിന് സ്വന്തം

ഇംഗ്ലണ്ടിനിതിരായ ടെസ്റ്റ് മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ടെസ്റ്റ്‌ ബാറ്റിംഗ് റാങ്കിംഗിൽ കനത്ത തിരിച്ചടി. വർഷങ്ങളായി ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ പത്തിൽ തുടരുന്ന വിരാട് കോഹ്‌ലി, പുതിയതായി അപ്ഡേറ്റ് ചെയ്ത ഐസിസി മെൻസ് ടെസ്റ്റ്‌ ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ പത്തിൽ നിന്ന് പുറത്തായി. നേരത്തെ 9-ാം സ്ഥാനത്ത് ഉണ്ടായിരുന്ന കോഹ്‌ലി, ഇപ്പോൾ നാല് സ്ഥാനങ്ങൾ താഴോട്ടിറങ്ങി 13-ാം സ്ഥാനത്തായി.

അതേസമയം ഇന്ത്യയ്ക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി പ്രകടനം പുറത്തെടുത്ത ഇംഗ്ലീഷ് ബാറ്റർ ജോണി ബെയർസ്റ്റോ, ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 10-ാം സ്ഥാനത്ത് എത്തി. ബെയർസ്റ്റോ അവസാനം കളിച്ച മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് നാല് സെഞ്ചുറികളാണ് നേടിയത്.

സമീപകാലത്തായി ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച സ്ഥിരത തുടരുന്ന ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ട്, ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഒന്നാം സ്ഥാനത്തുള്ള ജോ റൂട്ടിന്റെ റേറ്റിംഗ് 923 ആണ്. അതേസമയം രണ്ടാം സ്ഥാനത്ത് തുടരുന്ന ഓസ്ട്രേലിയൻ ബാറ്റർ മാർനസ് ലബുഷാനെക്ക് 879 ആണ് റേറ്റിംഗ്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, പാകിസ്താന്റെ ബാബർ അസം എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനം നിലനിർത്തി.

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സിൽ അർധ സെഞ്ചുറിയും നേടിയ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് റാങ്കിംഗിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 5-ാം സ്ഥാനത്ത് എത്തി. അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഒരു സ്ഥാനം താഴോട്ടിറങ്ങി ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ 9-ാം സ്ഥാനത്തായി