കോഹ്ലിക്ക് ഫോമിലേക്ക് എത്താൻ ഐഡിയ ഇതാണ്!! നിർദ്ദേശവുമായി മുൻ താരം

ഏഷ്യ കപ്പ് ക്രിക്കറ്റിനായി തീവ്ര പരിശീലനം തുടങ്ങിയ ഇന്ത്യൻ സൂപ്പർ താരവും മുൻ നായകനുമായ വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി കമന്റേറ്റർ ആകാശ് ചോപ്ര. അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്ക് വിടുക, അത് അയാളുടെ മികച്ച പ്രകടനത്തിന് വഴിതെളിക്കും, ചോപ്ര പറയുന്നു. വരാൻ പോകുന്ന ഏഷ്യ കപ്പ് ടൂർണമെന്റിൽ ഇന്ത്യൻ ടീം കോഹ്‌ലിയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും ചോപ്ര പറയുന്നുണ്ട്.

വിരാട് ഒരു 40 ഓ 70 ഓ റൺസ് നേടിയാലും കുഴപ്പമില്ല, കാരണം ഈ ഇന്ത്യൻ നിരയിൽ എല്ലാവർക്കും അവരവരുടേതായ റോളുകൾ ഉണ്ട്. ഇപ്പോൾ നമ്മൾ കളിക്കുന്ന ശൈലി വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കോഹ്‌ലി ഒരു സെഞ്ചുറി അടിക്കണമെന്നോ കളി ഫിനിഷ് ചെയ്യണമെന്നോ നമ്മൾക്ക് ശാഠ്യം പിടിക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ നാച്ചുറൽ ഗെയിം കളിക്കാൻ പറയുക, അപ്പോൾ ടീമിനായി നിർണായക സംഭാവനകൾ നൽകാൻ സാധിക്കും. സ്റ്റാർ സ്പോർട്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ആകാശ് ചോപ്ര വ്യക്തമാക്കിയത്.

ഈ അടുത്ത കാലത്ത് മോശം ഫോമിൽ തുടരുന്ന വിരാട് കോഹ്‌ലി ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലൂടെ തന്റെ പഴയ മികവിലേക്ക്‌ തിരിച്ചെത്താനാണ് ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും മോശം ഐപിഎൽ സീസണുകളിൽ ഒന്നായിരിക്കും കഴിഞ്ഞത്. 16 മത്സരങ്ങളിൽ നിന്നും വെറും രണ്ട് അർദ്ധ സെഞ്ചുറി അടക്കം 341 റൺസ് ആണ് നേടാനായുള്ളു. അതും 22.73 ശരാശരിയിലും 115.98 എന്ന വളരെ മോശം സ്ട്രൈക്ക് റേറ്റിലും. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ഒരു ടെസ്റ്റ് (2 ഇന്നിങ്സ്), 2 T20, 2 odi എന്നിവയിലെ സ്കോറുകൾ യഥാക്രമം 11 & 20, 1, 11, 16 & 17 എന്നിവയാണ്.

പിന്നീടുള്ള വെസ്റ്റിൻഡീസ്, സിംബാബ്‌വെ പര്യടനങ്ങളിൽ വിശ്രമം നൽകിയപ്പോൾ ഇനി വരാനിരിക്കുന്ന ഏഷ്യ കപ്പ് ആണ് കോഹ്‌ലിക്ക് ഒരു മികച്ച തിരിച്ചുവരവിനുള്ള അവസരം. യുഎഇയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ ഓഗസ്റ്റ് 28 ന്‌ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിൽ കളിക്കുമ്പോൾ മറ്റൊരു റെക്കോർഡ് കൂടി കോഹ്‌ലിയെ തേടിയെത്തും. മൂന്ന് ഫോർമാറ്റിലും 100 രാജ്യാന്തര മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യാക്കാരനും ലോകത്തിലെ രണ്ടാമത്തെ മാത്രം കളിക്കാരനും ആയിത്തീരും. വിരമിച്ച ന്യൂസീലൻഡ്‌ താരം റോസ് ടെയ്‌ലർ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.