❝ലോകകപ്പിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയ താരം❞ : കരിയറിൽ പിന്നീട് സംഭവിച്ചത്

ടെസ്റ്റ് ക്രിക്കറ്റിൽ അയർലൻഡിനായി ആദ്യ സെഞ്ച്വറി നേടിയ ബാറ്റർ, 2011 ലോകകപ്പിൽ വമ്പന്മാരായ ഇംഗ്ലണ്ടിനെതിരെ കൊടുങ്കാറ്റായി ആഞ്ഞടിച്ച് അയർലൻഡിനെ വിജയത്തിലേക്ക് നയിച്ച പടനായകൻ തുടങ്ങിയ വിശേഷങ്ങൾ കൊണ്ട് ഐറിഷ് ആരാധകർ തങ്ങളുടെ ദേശീയ ടീമിന്റെ വീരനായകനായി വാഴ്ത്തുന്ന താരമാണ് കെവിൻ ഒബ്രിയൻ.

മേൽ പറഞ്ഞതു പോലെ, 2011 ലോകകപ്പിൽ താരതമ്യേനെ ചെറിയ ടീമായ അയർലൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 327 റൺസെന്ന വമ്പൻ ടോട്ടൽ പടുത്തുയർത്തി വിജയമുറപ്പിച്ച നിമിഷത്തിലാണ്, കെവിൻ ഒബ്രിയൻ എന്ന ഐറിഷ് ബാറ്ററുടെ ഉള്ളിലെ വേട്ടമൃഗം പുറത്ത് ചാടുന്നത്. ആറാമനായി ക്രീസിലെത്തിയ ഓൾറൗണ്ടർ 63 പന്തിൽ 113 റൺസെടുത്ത ഇംഗ്ലീഷുകാരുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് ഐറിഷ് പടയെ ചരിത്ര വിജയത്തിലേക്ക് നയിച്ച നിമിഷം പിറവിയെടുത്ത താരോദയമാണ് കെവിൻ ഒബ്രിയൻ.

2004-ലെ അണ്ടർ-19 ലോകകപ്പിൽ കെവിൻ ഒബ്രിയൻ തന്റെ അരങ്ങേറ്റം കുറിക്കുകയും, ടൂർണമെന്റിൽ 241 റൺസ്‌ നേടി ലോകത്തിന് മുന്നിൽ അദ്ദേഹം തന്റെ പ്രതിഭ പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന്, 2006-ൽ ഇംഗ്ലണ്ടിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ ഏകദിന മത്സരത്തിൽ എട്ടാം നമ്പറിൽ ക്രീസിലെത്തിയ ഓൾറൗണ്ടർ 48 പന്തിൽ 35 റൺസ് നേടി, തന്റെ കഴിവ് വെളിപ്പെടുത്തി. 2007 ലോകകപ്പിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും സ്ഥിരതയാർന്ന മാച്ച് വിന്നിംഗ് പ്രകടനങ്ങൾ പുറത്തെടുത്തതിലൂടെ കെവിൻ പൂത്തുലഞ്ഞു. 8 കളികളിൽ നിന്ന് 170 റൺസ് നേടിയ അദ്ദേഹം മെഗാ ഇവന്റിൽ 3 വിക്കറ്റും വീഴ്ത്തി.

തുടർന്നുള്ള കളികളിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത ഒബ്രിയൻ സഹോദരന്മാരിൽ ഇളയവൻ, തന്റെ രാജ്യത്തിന്റെ പ്രധാന ഓൾറൗണ്ടറായി മാറി. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കൃത്യമായി ശ്രദ്ധിക്കപ്പെടുകയും ഇംഗ്ലണ്ട് കൗണ്ടി ടീമായ ഗ്ലൗസെസ്റ്റർഷയർ അദ്ദേഹത്തിന് ഏകദിന, ടി20 ചാമ്പ്യൻഷിപ്പുകൾക്ക് കരാർ നൽകുകയും ചെയ്തു. 2012-ന്റെ തുടക്കത്തിൽ, ട്രെന്റ് ജോൺസ്റ്റണിൽ നിന്ന് ആ ചുമതല ഏറ്റെടുത്ത് കെവിൻ അയർലണ്ടിന്റെ വൈസ് ക്യാപ്റ്റനായി. ഇന്നും അയാൾ അയർലൻഡ് ക്രിക്കറ്റ്‌ ടീമിന്റെ അഭിവാജ്യഘടകമായി തുടരുന്നു.

Rate this post