” ഒന്നാം സ്ഥാനക്കാരെ കെട്ടുകെട്ടിച്ച് ഫൈനലിലേക്ക് മാർച്ച് ചെയ്യാനൊരുങ്ങി കൊമ്പന്മാർ “

ഇന്ത്യൻ സൂപ്പർ ലീഗിലെ വിന്നേഴ്സ് ഷീൽഡ് നേടി വന്ന ജാംഷെഡ്പൂരിനെ കീഴടക്കി സെമിയിലെ ആദ്യ പാദത്തിലെ വിജയം സ്വന്തമാക്കി കേരളത്തിന്റെ ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ മലയാളി താരം സഹൽ നേടിയ മനോഹരമായ ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ ജയം. ജയത്തോടെ കലാശ പോരാട്ടത്തിലേക്ക് ആദ്യ പാടി കടന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.മാർച്ച് 16നാണ് രണ്ടാം പാദം നടക്കുക. അന്ന് ഒരു സമനില കിട്ടിയാൽ വരെ കേരള ബ്ലാസ്റ്റേഴ്സിന് ഫൈനൽ ഉറപ്പിക്കാം.

ജംഷെഡ്പൂരിനെതിരെ ആദ്യ സെമി ഫൈനലിൽ കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും അഞ്ചു മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ജാംഷെഡ്പൂരിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. 10 ആം മിനുട്ടിൽ ജാംഷെഡ്പൂരിന് ഗോൾ നേടാനുള്ള ആദ്യ അവസരം ലഭിച്ചു.വലതുവശത്ത് നിന്ന് ഡൗംഗൽ തന്റെ നേർക്ക് വന്ന പന്ത് ഹെഡ് ചെയ്തപ്പോൾ പെനാൽറ്റി ബോക്‌സിൽ ചിമക്ക് ലഭിച്ചെങ്കിലും നൈജീരിയൻ താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. ജംഷഡ്‌പൂർ സൂപ്പർ താരം ഗ്രെഗ് സ്റ്റുവാർട്ട് നിരന്തരം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു. 20 ആം മിനുട്ടിൽ ചിമക്ക് അവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോയി.

കേരള ബ്ലാസ്റ്റേഴ്സിന് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല.26 ആം മിനുട്ടിൽ ലൂണയുടെ ഒരു കോർണറിൽ നിന്നായിരുന്നു ആദ്യ മികച്ച അവസരം വന്നത്. പക്ഷെ ഹാർട്ലിയുടെ ഹെഡർ ആ അവസരം ബ്ലാസ്റ്റേഴ്സിൽ നിന്ന് തട്ടിയെടുത്തു. 34ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് മുബഷിറിലൂടെ മറ്റൊരു സുവർണ്ണാവസ ജംഷദ്പൂരിന് ലഭിച്ചു. ഇത്തവണയും അവർക്ക് ടാർഗറ്റ് കണ്ടെത്താൻ ആവാഞ്ഞത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.38ആം മിനുട്ടിൽ അൽവാരോയുടെ പാസ് ക്ലിയർ ചെയ്യുന്നതിൽ ജാംഷെഡ്പൂർ ഡിഫെൻസിന് പിഴച്ചപ്പോൾ ലൈൻ വിട്ട് കയറി വന്ന രഹ്നേഷിനെ ചിപ്പ് ചെയ്ത് സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി.. ആദ്യ പകുതിയില്‍ സമനില ഗോളിനായുള്ള ജംഷഡ്‌പൂരിന്‍റെ ശ്രമങ്ങളെ പിന്നീട് ബ്ലാസ്റ്റേഴ്സ് ഫലപ്രദമായി പ്രതിരോധിച്ചു.

ഒരു ഗോൾ നേടിയതിന്റെ പിൻബലത്തിൽ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ മുന്നേറി കളിയ്ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. 58 ആം മിനുട്ടിൽ ഡയസിന്റെ ഒരു ഗോൾ ശ്രമം ജംഷഡ്‌പൂർ കീപ്പർ തടഞ്ഞു. 59 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് ലീഡ് നേടാൻ അവസരം ലഭിച്ചു. ഇടതു വിങ്ങിൽ നിന്നും ക്യാപ്റ്റൻ ലൂണയെടുത്ത മനോഹരമായ ഫ്രീകിക്ക് ഗോൾകീപ്പർ രഹനേഷിനെ മറികടന്നെകിലും പോസ്റ്റിൽ തട്ടി മടങ്ങി.71′ ട്രിപ്പിൾ സബ്‌സ്റ്റിറ്റ്യൂഷൻ നടത്തി കേരള ബ്ലാസ്റ്റേഴ്‌സ് .ജീക്‌സൺ സിംഗ്, ചെഞ്ചോ ഗിൽറ്റ്‌സെൻ, സന്ദീപ്, എന്നിവർ യുഷ് അധികാരി, അൽവാരോ വാസ്‌ക്വസ്, സഞ്ജീവ് സ്റ്റാലിൻ എന്നിവർക്ക് പകരമിറങ്ങി .

അവസാന പത്തു മിനുട്ടിൽ ജാംഷെഡ്പൂർ സമനില ഗോളിനായി ശ്രമിച്ചു കൊണ്ടേയിരുന്നു.എന്നാൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പാറപോലെ ഉറച്ചു നിന്നതോടെ എല്ലാ ശ്രമവും വിഫലമായി .