എന്തിനാണ് അവനായി ഇത്ര ബഹളം!! പരിഹസിച്ച് മുൻ താരം

പ്രധാന ടൂർണമെന്റുകൾ പടിവാതിൽക്കൽ നിൽക്കെ ഇന്ത്യൻ ടീമിൽ ആരൊക്കെ ഇടം നേടും എന്നതിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് പുരോഗമിക്കുന്നത്. പ്രധാനമായും ക്യാപ്റ്റൻ രോഹിത് ശർമ്മക്കൊപ്പം ആരായിരിക്കും ടീം ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. പുരോഗമിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ സൂര്യകുമാർ യാദവ് ആണ് രോഹിത്തിനൊപ്പം ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത്.

നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിൽ, വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെയും ഇന്ത്യ ഓപ്പൺ ആയി പരീക്ഷിച്ചിരുന്നു. കെഎൽ രാഹുൽ പരിക്കേറ്റ് ടീമിൽ നിന്ന് വിട്ടുനിൽക്കുന്നത് കൊണ്ടാണ്, ഇന്ത്യ പുതിയ ഓപ്പണർമാരെ പരീക്ഷിക്കുന്നത്. പുതിയ ഓപ്പണിങ് പരീക്ഷണങ്ങൾക്കൊപ്പം തന്നെ ഇഷാൻ കിഷനും ഇന്ത്യ അവസരം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കെഎൽ രാഹുൽ പരിക്കുമാറി ടീമിലേക്ക് തിരിച്ചുവരുമ്പോൾ, ആരായിരിക്കും ടീമിന് പുറത്തേക്ക് പോവുക എന്ന ചോദ്യമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ഉയരുന്നത്.

അതേസമയം, കെഎൽ രാഹുലിനെ എന്തിനാണ് ടീമിൽ അതിവേഗം ഉൾപ്പെടുത്തുന്നത് എന്നാണ് മുൻ ന്യൂസിലാൻഡ് ഓൾറൗണ്ടർ സ്കോട് സ്റ്റൈരിസ് ചോദിക്കുന്നത്. ഈ വർഷം ഫെബ്രുവരിക്ക് ശേഷം കെഎൽ രാഹുൽ ഒരു മത്സരത്തിൽ പോലും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലൂടെ രാഹുൽ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, കോവിഡ് പിടിപെട്ടത് മൂലം വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയും രാഹുലിന് ഉപേക്ഷിക്കേണ്ടിവന്നു.

“രാഹുൽ ഏറെ നാളായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ട്. അതുകൊണ്ടുതന്നെ അദ്ദേഹം പെട്ടെന്ന് ഒരു പ്രധാന ടൂർണമെന്റിലേക്ക് തിരിച്ചെത്തുമ്പോൾ അദ്ദേഹത്തിന്റെ ഫോം എങ്ങനെ ആയിരിക്കും എന്ന് നമുക്ക് മുൻകൂട്ടി നിർണയിക്കാൻ സാധിക്കില്ല. മാത്രമല്ല രാഹുലിന്റെ അഭാവത്തിൽ നിരവധി യുവ ഓപ്പണർമാരെ ഇന്ത്യ പരീക്ഷിക്കുകയും അവ വിജയം കാണുകയും ചെയ്തിട്ടുണ്ട്. അതിനാൽ എന്തിനാണ് രാഹുലിന്റെ മടങ്ങിവരവിന് ഇന്ത്യ തിരക്ക് കൂട്ടുന്നത്,” സ്കോട് സ്റ്റൈരിസ് പറഞ്ഞു.