ജഡേജ ഇങ്ങനെ പോയാൽ സിഎസ്കെയുടെ കാര്യം അധോഗതി ; ജഡേജക്ക് ക്യാപ്റ്റൻസി സമ്മർദ്ദമെന്ന് മുൻ ഇന്ത്യൻ താരം

ഐ‌പി‌എൽ 2022 സീസണിലെ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്രകടനം ദയനീയമാകാനുള്ള കാരണങ്ങളിൽ ഒന്നാണ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജയുടെ ബാറ്റിംഗിലെ മോശം ഫോം. ക്യാപ്റ്റൻസിയുടെ സമ്മർദ്ദം ജഡേജയെ ബാധിച്ചതാണ് ഇപ്പോൾ തുടരുന്ന ഈ മോശം ഫോമിന് കാരണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര കരുതുന്നു.

ജഡേജയുടെ ക്യാപ്റ്റൻസിയിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇതുവരെ കളിച്ച 8 കളികളിൽ 2 മത്സരങ്ങളിൽ മാത്രമാണ് ജയിക്കാനായത്. ഈ 8 കളികളിൽ 120 സ്ട്രൈക്ക് റേറ്റിൽ 112 റൺസ് മാത്രമാണ് ജഡേജ നേടിയത്. ജഡേജ ബാറ്റിംഗിൽ ഫോം കണ്ടെത്തിയില്ലെങ്കിൽ, ടൂർണമെന്റിൽ ഫ്രാഞ്ചൈസിയുടെ മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ടാകുമെന്നും ചോപ്ര കരുതുന്നു.

“ജഡേജ ബാറ്റുമായി മല്ലിടുകയാണ്, അത് നല്ല സൂചനയല്ല. സന്ദർഭത്തിന് അനുയോജ്യമായി പ്രകടനം നടത്തേണ്ടത് അദ്ദേഹത്തിന് വളരെ പ്രധാനമാണ്, കാരണം അദ്ദേഹം ഇതേ രീതിയിൽ ഇനിയും പരാജയപ്പെടുകയാണെങ്കിൽ, ചെന്നൈ സൂപ്പർ കിംഗ്‌സിന് കാര്യങ്ങൾ വളരെ കഠിനമാകും. ക്യാപ്റ്റൻസിയുടെ സമ്മർദ്ദം അദ്ദേഹത്തിൽ വ്യക്തമായി കാണിക്കുന്നു,” ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ഈ സീസണിൽ ഇതുവരെ സ്ഥിരത പുലർത്താനാവാത്ത ഋതുരാജ് ഗെയ്‌ക്‌വാദിന് ഉടനെ ഫോമിലെത്താൻ കഴിയുമെന്ന് ചോപ്ര വിശ്വസിക്കുന്നു. റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, ശിവം ദുബെ എന്നിവരെപ്പോലുള്ളവർ മികച്ച ഫോമിലാണെന്നും അതിനാൽ തുടർന്നുള്ള മത്സരങ്ങളിൽ സിഎസ്‌കെ മികച്ച പ്രകടനം നടത്തണമെന്നും ചോപ്ര പറഞ്ഞു. മെയ്‌ 1-ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ്‌ ചെന്നൈ സൂപ്പർ കിംഗ്സിന്റെ അടുത്ത മത്സരം.