ഐസിസി കിരീടം നേടാൻ ഇന്ത്യ തങ്ങളുടെ കളിയല്ല മറ്റേണ്ടത്, മറിച്ച് ഇക്കാര്യം മാറ്റിയാൽ മതിയാവും ; അഭിപ്രായം വ്യക്തമാക്കി ഇന്ത്യൻ മുൻ താരം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ, 2013 ൽ നേടിയ ഐസിസി ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ ജേതാക്കളായ അവസാന ഐസിസി ടൂർണമെന്റ്. അവസാനം നടന്ന ഐസിസി ടി20 ലോകകപ്പിലും സെമി ഫൈനൽ കാണാതെ ഇന്ത്യ പുറത്തായിരുന്നു. എന്നാൽ, ലോകകപ്പിന് ശേഷം നടന്ന ന്യൂസിലാൻഡിനെതിരെയുള്ള ടി20 പരമ്പരയിൽ മുഴുവൻ മത്സരങ്ങളും വിജയിച്ചായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടം.

പരമ്പരകളിൽ മികച്ച പ്രകടനം നടത്തുമ്പോഴും, ഐസിസി ടൂർണമെന്റുകളിൽ പതറുന്നത് തുടർക്കഥയായതോടെയാണ്, ഐസിസി കിരീടം നേടാൻ ഇന്ത്യക്ക്‌ മാർഗം നിർദേശിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ രംഗത്തെത്തിയത്.ആരാധകർക്കിടയിൽ ചർച്ചയാകുന്ന രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെക്കുന്നതിൽ പേരുകേട്ട ബാറ്റർ, ടീമിന്റെ സമീപകാല ഐസിസി ടൂർണമെന്റുകളിലെ പരാജയങ്ങളെ പരിഹസിച്ചുകൊണ്ടാണ് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും മഞ്ഞ ജഴ്‌സി അണിയണമെന്നാണ് മുൻ ഓപ്പണർ വസീം ജാഫർ നിർദേശിച്ചിരിക്കുന്നത്.

90 കളിൽ ടീം ധരിച്ചിരുന്ന മഞ്ഞ ജേഴ്‌സി തിരികെ കൊണ്ടുവരുന്നത് ഇന്ത്യ പരിഗണിക്കേണ്ട സമയമാണിതെന്ന് ജാഫർ അഭിപ്രായപ്പെട്ടു. ക്രിക്കറ്റിലെ വ്യത്യസ്ഥ ടൂർണമെന്റുകളിൽ അടുത്തിടെ ജേതാക്കളായ ടീമുകൾക്ക് മഞ്ഞ ജേഴ്‌സി ആയിരുന്നു എന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ് ജാഫറിന്റെ ശുപാർശ.കഴിഞ്ഞ രണ്ട് മാസത്തിനിടെ, വ്യത്യസ്ഥ ടി20 ടൂർണമെന്റുകളിൽ മഞ്ഞപ്പടക്കായിരുന്നു വിജയം. 2021 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് നാലാം ഐപിഎൽ കിരീടം നേടിയത് മുതലാണ് ഇത് ആരംഭിക്കുന്നത്. യാദൃശ്ചികമെന്നു പറയട്ടെ, 2021 ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി കിരീടം നേടിയ ഓസ്ട്രേലിയയും മഞ്ഞ ജഴ്‌സിക്കാരായിരുന്നു. ഈ ആഴ്ച്ച നടന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ കർണ്ണാടകയെ തകർത്ത് തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയ തമിഴ് നാടിന്റെ ജേഴ്സിയും മഞ്ഞയായിരുന്നു.

ഈ സന്ദർഭത്തിലാണ് വസീം ജാഫർ ട്വിറ്ററിൽ, മഞ്ഞ ജേഴ്‌സി ധരിച്ചു നിൽക്കുന്ന സച്ചിൻ ടെണ്ടുൽക്കറുടെ പഴയ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത്, “മഞ്ഞ ജേഴ്‌സിക്കാർ ചാമ്പ്യൻഷിപ്പ് നേടുന്നത് കാണുമ്പോൾ, ഈ ജേഴ്സി ഇന്ത്യയും തിരികെ കൊണ്ടുവരാൻ സമയമായി,” എന്നാണ് ജാഫർ കുറിച്ചിരിക്കുന്നത്. 1994-ൽ വേൾഡ് സീരീസിലും ന്യൂസിലൻഡ് പര്യടനത്തിലും ഇന്ത്യ മഞ്ഞ ജേഴ്‌സി ധരിച്ചിരുന്നു. 90-കൾ മുതൽ 2000-കളുടെ ആരംഭം വരെ മഞ്ഞ ജേഴ്സിയിൽ ഇന്ത്യ കളിക്കുന്നത് സാധാരണമായിരുന്നു. എന്നാൽ, കഴിഞ്ഞ 20 വർഷമായിട്ടും ഇന്ത്യ മഞ്ഞ ജേഴ്‌സി അണിഞ്ഞിട്ടില്ല.