അവന്റെ അഭാവം പാക്കിസ്ഥാന് തിരിച്ചടി; മുൻ പാക് താരം ഇൻസമാം ഉൾ ഹഖ് പറഞ്ഞത് കേട്ടോ?

തങ്ങളുടെ ഒന്നാം നമ്പർ പേസറായ ഷഹീൻ ഷാ അഫ്രീദി പരിക്കുമൂലം ഏഷ്യ കപ്പ് ടീമിന് പുറത്തായത് പാക്കിസ്ഥാന് വൻ തിരിച്ചടിയായി എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ നായകൻ ഇൻസമാം ഉൾ ഹഖ്. ഏഷ്യ കപ്പ് ടൂർണമെന്റിന് മുമ്പ് താരത്തിന് പരുക്കേറ്റത് വളരെ ദൗർഭാഗ്യകരമായിപ്പോയി എന്ന് തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറയുന്നു.

ഏഷ്യ കപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടത്തിനായി കാത്തിരുന്ന ആരാധകരെ നിരാശരാക്കിയ സംഭവമായി ഇത് മാറിയിരിക്കുന്നു. കാരണം, കഴിഞ്ഞ തവണ ഇരു ടീമുകളും ഏറ്റുമുട്ടിയ 2021ലെ ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിൽ അഫ്രീദിയുടെ മികവിൽ ആയിരുന്നു പാക്കിസ്ഥാൻ ഇന്ത്യയെ തകർത്തത്. തന്റെ മനോഹരമായ ഇടം കൈ സ്വിങ്ങ് ബോളിങ് കൊണ്ട് ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാരെ വെള്ളം കുടിപ്പിച്ച അഫ്രീദിയുടെ മികവിൽ പത്തു വിക്കറ്റിന് ആയിരുന്നു അന്ന് പാക്കിസ്ഥാന്റെ വിജയം.

എങ്കിലും എല്ലാക്കാലത്തും പോലെ ഇത്തവണയും ഇന്ത്യ പാക്കിസ്ഥാൻ മത്സരം തീപാറും എന്നുതന്നെയാണ് താൻ കരുതുന്നതെന്നും അഫ്രീദിയുടെ അഭാവത്തിൽ മറ്റു ബോളർമാർ അവസരത്തിനൊത്ത് ഉയരണമെന്നും അദ്ദേഹം പറയുന്നു. പരിക്കുകൾ പറ്റുന്നത് മത്സരത്തിന്റെ ഭാഗമാണെന്നും എത്രയും പെട്ടെന്ന് തന്നെ അദ്ദേഹം മത്സരക്രിക്കറ്റിലേക്ക് തിരിച്ചെത്തും എന്നും കരുതുന്നുവെന്നും ഇൻസാമാം പറഞ്ഞു.

ഓഗസ്റ്റ് 28ന്‌ ഏഷ്യ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാൻ ടീമുകൾ ഏറ്റുമുട്ടും. പരുക്കേറ്റ ഷഹീൻ ഷാ അഫ്രീദിക്ക് പകരം പേസർ മുഹമ്മദ് ഹസ്‌നയിൻ പാക്കിസ്ഥാൻ ടീമിനൊപ്പം ചേരും. കാൽമുട്ടിനു പരുക്കേറ്റ അഫ്രീദിക്ക് കുറഞ്ഞത് നാല് മുതൽ ആറ് ആഴ്ചവരെ വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഏഷ്യ കപ്പിനുശേഷം നടക്കുന്ന 7 ട്വന്റി ട്വന്റി മത്സരങ്ങൾ അടങ്ങുന്ന ഇംഗ്ലണ്ട് പരമ്പരയും അദ്ദേഹത്തിന് നഷ്ട്ടമായേക്കും.