ഏഷ്യയിൽ കരുത്തർ ഇന്ത്യൻ പെൺപ്പുലികൾ തന്നെ ; ശ്രീലങ്കയെ പരാജയപ്പെടുത്തി ഏഷ്യ കപ്പ് ജേതാക്കളായി ഇന്ത്യ

ശ്രീലങ്കയെ ഫൈനലിൽ പരാജയപ്പെടുത്തി ഇന്ത്യ വനിത ഏഷ്യ കപ്പ് ജേതാക്കൾ ആയി. സയ്ൽഹെറ്റ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയതോടെ ശ്രീലങ്കൻ ബാറ്റർമാർ ക്രീസിൽ നിന്ന് വിയർക്കുന്ന കാഴ്ചയാണ് കണ്ടത്. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് മാത്രം എടുക്കാനെ ശ്രീലങ്കക്ക് സാധിച്ചുള്ളൂ.

ക്യാപ്റ്റൻ അത്തപത്തു (6) ഉൾപ്പെടെയുള്ള താരങ്ങൾ മാന്യമായ സ്കോർ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതോടെ, വനിതാ ഏഷ്യ കപ്പിന്റെ ഫൈനലിൽ ശ്രീലങ്കക്ക് അടിപതറി. രണവീര (18*), ഒ രണസിംഗെ (13) എന്നിവർ മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കണ്ടത്. അതേസമയം ഇന്ത്യക്കായി, രേണുക സിംഗ് 3 വിക്കറ്റും, രാജേഷ്വരി ഗെയ്ക്വാദ്, സ്നേഹ് റാണ എന്നിവർ 2 വീതം വിക്കറ്റുകളും വീഴ്ത്തി. ഒരു മൈഡൻ ഓവർ ഉൾപ്പടെ 3 ഓവർ എറിഞ്ഞ് 5 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയ രേണുക സിംഗ് ആണ് ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ച്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ഷെഫാലി വർമ്മ (5), ജെമിമ റോഡ്രിഗസ് (2) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും, സ്മൃതി മന്ദാന (51) അർദ്ധ സെഞ്ച്വറി പ്രകടനവുമായി ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. 25 പന്തിൽ 6 ഫോറും 3 സിക്സും ഉൾപ്പടെ 204.00 സ്ട്രൈക്ക് റേറ്റോടെ 51 റൺസ് നേടി ഓപ്പണർ ആയി ക്രീസിൽ എത്തിയ സ്മൃതി മന്ദാന പുറത്താകാതെ നിന്നു.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (11*) റൺസും നേടി. ഇനോക രണവീര, കവിഷ ദിൽഹരി എന്നിവരാണ് ശ്രീലങ്കക്കു വേണ്ടിയത്. പരമ്പരയിൽ ഉടനീളം മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച ഇന്ത്യയുടെ ദീപ്തി ശർമയാണ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ വനിത ടീമിന്റെ 7-ാമത്തെ ഏഷ്യ കപ്പ്‌ വിജയമാണിത്.