സെമി ഫൈനൽ കളിക്കാതെ ഫൈനലിൽ എത്താൻ മാർഗമുണ്ടോ ; ഇന്ത്യൻ ക്രിക്കറ്റ് ടീം ഇങ്ങനെ ചിന്തിക്കുന്നതിന് അവരുടെ മുൻകാല അനുഭവം കൊണ്ടാണ്

ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യക്ക് മേലുള്ള ശാപം തുടരുന്നു. മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റൻ ആയിരിക്കെ ഇന്ത്യ 2007-ൽ ടി20 ലോകകപ്പും, 2011-ൽ ഏകദിന ലോകകപ്പും 2013-ൽ ഐസിസി ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കിയിരുന്നു. ഇതിനുശേഷം ഇതുവരെ ഇന്ത്യക്ക് ഒരു ഐസിസി ട്രോഫി പോലും നേടാൻ ആയിട്ടില്ല എന്നത്, വലിയ ടീം എന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നാണക്കേടാണ്.

ഉഭയകക്ഷി പരമ്പരകളിൽ ഇന്ത്യ തുടർച്ചയായി വിജയങ്ങൾ നേടാറുണ്ടെങ്കിലും, ഐസിസി ടൂർണമെന്റ്കളിൽ ഇന്ത്യയ്ക്ക് സ്ഥിരമായി കാലിടറുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി കാണാൻ കഴിയുന്നത്. കൃത്യമായി പറഞ്ഞാൽ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറിയതിനു ശേഷം, ഇന്ത്യക്ക് ഇതുവരെ ഒരു ഐസിസി ട്രോഫിയും നേടാൻ സാധിച്ചിട്ടില്ല. ഐസിസി ട്രോഫി നേടാൻ സാധിച്ചില്ല എന്ന നാണക്കേടിന്റെ പഴി കേട്ടാണ് വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയത്.

എന്നാൽ, രോഹിത് ശർമ്മ നായകനായ ശേഷമുള്ള ആദ്യ ഐസിസി ടൂർണമെന്റിലും സ്ഥിതിഗതികൾ വ്യത്യാസമാകുന്നില്ല. 2014 ഐസിസി ടി20 ലോകകപ്പിന്റെ ഫൈനലിൽ ആണ് ഇന്ത്യ പരാജയപ്പെട്ടത്. അന്ന് ശ്രീലങ്കയാണ് ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയത്. 2015 ഏകദിന ലോകകപ്പിൽ സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ പരാജയപ്പെടാനായിരുന്നു ഇന്ത്യയുടെ വിധി. 2016 ടി20 ലോകകപ്പിന് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഒരുങ്ങിയതെങ്കിലും, സെമിഫൈനൽ വരെ മുന്നേറാനെ സാധിച്ചുള്ളൂ.

പിന്നീട്, ഇന്ത്യ 2017 ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ആണ് പ്രതീക്ഷ അർപ്പിച്ചത്. എന്നാൽ അന്ന്, ബദ്ധവൈരികളായ പാക്കിസ്ഥാനോട് ഫൈനലിൽ പരാജയപ്പെട്ട് നാണക്കേടോടെ ഇന്ത്യ മടങ്ങുകയായിരുന്നു. 2019 ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനോട് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു. 2021-ൽ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനോട് പരാജയപ്പെട്ടു. ഇപ്പോഴിതാ വീണ്ടും മറ്റൊരു ലോകകപ്പിൽ കൂടി ഇന്ത്യ സെമിഫൈനലിൽ പുറത്തായിരിക്കുകയാണ്.