സന്നാഹ മാച്ചിൽ നാണംകെട്ട തോൽവി വഴങ്ങി ഇന്ത്യൻ ടീം!! ആശങ്കയിൽ ആരാധകർ

ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ടാമത്തെ സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി. വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായി പെർത്തിലെ വെസ്റ്റേൺ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 36 റൺസിന്റെ പരാജയം ആണ് ഇന്ത്യ നേരിട്ടത്. ആഷ്ടൺ ടേണർ നയിച്ച വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ കെഎൽ രാഹുൽ ആണ് ഇന്ത്യൻ ടീമിന്റെ നായക പദവി അലങ്കരിച്ചത്.

ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേൺ ഓസ്ട്രേലിയ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. വെസ്റ്റേൺ ഓസ്ട്രേലിയൻ നിരയിൽ അർദ്ധ സെഞ്ച്വറി പ്രകടനവുമായി നിക് ഹോബ്സൺ, ഡാർസി ഷോട്ട് എന്നിവരാണ് തിളങ്ങിയത്. ഡാർസി ഷോട്ട് 52 റൺസ് എടുത്ത് നിൽക്കെ റൺഔട്ട്‌ ആയപ്പോൾ, 41 പന്തിൽ 64 റൺസ് എടുത്ത ഹോബ്സണെ ഹർഷൽ പട്ടേൽ പുറത്താക്കുകയായിരുന്നു.

ഇന്ത്യക്കായി അശ്വിൻ 3 വിക്കറ്റുകൾ വീഴ്ത്തി. ഹർഷൽ പട്ടേൽ 2 വിക്കറ്റും, അർഷദീപ് സിംഗ് ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി, കെഎൽ രാഹുലും ഋഷഭ് പന്തും ആണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. 9 റൺസ് എടുത്ത ഋഷഭ് പന്തിനെ പുറത്താക്കി ബെഹ്‌റണ്ടോഫ് ഞെട്ടിച്ചെങ്കിലും, കെഎൽ രാഹുൽ ക്രീസിൽ നിന്ന് പൊരുതി. 55 പന്തിൽ 74 റൺസ് എടുത്ത രാഹുൽ മാത്രമാണ് ഇന്ത്യയുടെ ബാറ്റിംഗ് ഓർഡറിൽ തിളങ്ങിയത്.

ഇതോടെ, നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുക്കാനെ ഇന്ത്യക്ക് സാധിച്ചുള്ളൂ. വെസ്റ്റേൺ ഓസ്ട്രേലിയക്കായി കെല്ലി, ലാൻസ് മോറിസ്, മക്കൻസി എന്നിവർ രണ്ടു വീതം വിക്കറ്റുകൾ. ലോക കപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലെ ഈ പരാജയം ഇന്ത്യൻ ടീമിന് നിരാശ സമ്മാനിച്ചു. ഒക്ടോബർ 17 ന് നടക്കുന്ന വാം-അപ്പ് മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.