റാങ്കിങ്ങിൽ പറന്ന് ഇന്ത്യൻ ടീം:പാകിസ്ഥാനും മുകളിൽ!!ഇന്ത്യക്ക് ഇനി വെസ്റ്റ് ഇൻഡീസ് പരീക്ഷണം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കിയതോടെ ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തി. 25 കളികളിൽ നിന്ന് 2,725 പോയിന്റുള്ള ഇന്ത്യയുടെ റേറ്റിംഗ് 109 ആണ്. അതേസമയം, പരമ്പര നഷ്ടമായിട്ടും പോയിന്റ് പട്ടികയിൽ ഇംഗ്ലണ്ട് രണ്ടാം സ്ഥാനം നിലനിർത്തി. 25 കളികളിൽ നിന്ന് 3,025 പോയിന്റുള്ള ഇംഗ്ലണ്ടിന്റെ റേറ്റിംഗ് 121 ആണ്.

15 കളികളിൽ നിന്ന് 1,913 പോയിന്റുമായി 128 റേറ്റിംഗ് ഉള്ള ന്യൂസിലാൻഡ് ആണ് ഏകദിന റാങ്കിങ്ങിൽ ഒന്നാമത്. പാകിസ്ഥാൻ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകൾ ഇന്ത്യക്ക് പിറകിലായി 4 മുതൽ 10 വരെ സ്ഥാനങ്ങളിൽ യഥാക്രമം സ്ഥാനം കണ്ടെത്തി.

ഇന്ന് (ജൂലൈ 19) ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ആരംഭിക്കാനിരിക്കെ പോയിന്റ് പട്ടികയിൽ ഇനിയും വലിയ ചലനങ്ങൾ പ്രതീക്ഷിക്കാം. വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. അതേസമയം, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യ, ഐസിസി ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 39 കളികളിൽ നിന്ന് 10,514 പോയിന്റുള്ള ഇന്ത്യയുടെ റേറ്റിങ് 270 ആണ്.

264, 261 എന്നിങ്ങനെ യഥാക്രമം റേറ്റിങ്ങുകൾ ഉള്ള ഇംഗ്ലണ്ടും പാകിസ്ഥാനുമാണ് ഐസിസി ടി20 റാങ്കിങ്ങിൽ രണ്ടും മൂന്നും സ്ഥാനത്ത്. ഐസിസി ടെസ്റ്റ്‌ റാങ്കിങ്ങിൽ 19 കളികളിൽ നിന്ന് 2,439 പോയിന്റോടെ 128 റേറ്റിംഗ് ഉള്ള ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, 29 കളികളിൽ നിന്ന് 3,318 പോയിന്റോടെ 114 റേറ്റിംഗ് ഉള്ള ഇന്ത്യ ആണ് രണ്ടാമത്. പട്ടികയിൽ ദക്ഷിണാഫ്രിക്കയാണ്‌ മൂന്നാം സ്ഥാനത്ത്.