പൊരുതി വീണു കരഞ്ഞു മടങ്ങി ഇന്ത്യൻ വനിതകൾ 😵‍💫😵‍💫😵‍💫ഓസ്ട്രേലിയക്ക് മുൻപിൽ വീണ്ടും തോൽവി

വനിതാ ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഓസ്ട്രേലിയക്ക് മുൻപിൽ പോരാടി പരാജയപ്പെട്ട് ഇന്ത്യൻ പെൺപട. മത്സരത്തിൽ 5 റൺസിനായിരുന്നു ഇന്ത്യ ഓസ്ട്രേലിയയുടെ മുൻപിൽ കീഴടങ്ങിയത്. ഇതോടെ ശക്തരായ ഓസ്ട്രേലിയ ലോകകപ്പിന്റെ ഫൈനലിൽ എത്തിയിരിക്കുകയാണ്. രണ്ടാം സെമിയിൽ, ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയിയാവും ഓസ്ട്രേലിയക്ക് ഫൈനലിൽ എതിരാളികളാവുക.

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് മൂണിയും ഹീലിയും ചേർന്ന് ഓസ്ട്രേലിയയിലേക്ക് നൽകിയത്. 37 പന്തുകളിൽ 54 റൺസ് നേടിയ മൂണി മത്സരത്തിൽ ഓസ്ട്രേലിയയുടെ നട്ടെല്ലായി. ഒപ്പം 34 പന്തുകളിൽ 49 റൺസ് നേടിയ ലാനിഗും ആടിതിമിർത്തതോടെ ഓസ്ട്രേലിയ നിശ്ചിത 20 ഓവറുകളിൽ 172 എന്ന സ്കോറിൽ എത്തി.

മറുപടി ബാറ്റിംഗിൽ അത്ര മികച്ച തുടക്കമായിരുന്നില്ല ഇന്ത്യയ്ക്ക് ലഭിച്ചത്. ഓപ്പണർമാരായ ഷഫാലി വർമ്മയെയും(9) സ്മൃതി മന്ദനെയും(2) ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ റോഡ്രിഗസും നായിക ഹർമൻപ്രീറ്റ് കോറും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് ഇന്ത്യക്ക് സമ്മാനിച്ചു. മത്സരത്തിൽ ഹർമൻപ്രീറ്റ് 34 പന്തുകളിൽ 52 റൺസ് നേടിയപ്പോൾ, റോഡ്രിഗസ് 24 പന്തുകളിൽ 43 റൺസ് നേടി. ഇരുവരും പുറത്തായ ശേഷം ഓസ്ട്രേലിയ ഇന്ത്യയെ വരിഞ്ഞുമുറുകുകയായിരുന്നു. മത്സരത്തിൽ 5 റൺസിനായിരുന്നു ഓസ്ട്രേലിയ വിജയം കണ്ടത്.

ഇന്ത്യയെ സംബന്ധിച്ച് വളരെ നിരാശജനകമായ പരാജയം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. പ്രധാനമായും ഫീൽഡിങ്ങിലെ പോരായ്മകളായിരുന്നു ഇന്ത്യയെ മത്സരത്തിൽ പിന്നോട്ടടിച്ചത്. എന്നിരുന്നാലും ഇതുവരെയുള്ള പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ അഭിമാനകരമായ ഒരു ലോകകപ്പ് തന്നെയാണ് ഇന്ത്യൻ വനിത ടീമിന് ഉണ്ടായിരിക്കുന്നത്.

Rate this post