1986 ലെ ഏഷ്യൻ ഗെയിംസിന് ശേഷം ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച നേട്ടം

ലോക വോളീബോൾ ചരിത്രത്തിൽ ഒരിക്കൽ പോലും തങ്ങളുടെ സാനിധ്യം അടയാളപ്പെടുത്താൻ സാധികാത്ത രാജ്യമാണ് ഇന്ത്യ.പ്രഗൽഭരായ താരങ്ങൾ അണിനിരന്നിട്ടും ലോക വോളിയിൽ പോയിട്ട് ഏഷ്യൻ വോളിയിൽ പോലും ഒരു സ്ഥാനം നേടിയെടുക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചില്ല. 1958 ലെ ആദ്യ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ കരസ്ഥമാക്കുകയും 1962 ലെ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും 1966 ലെ ഏഷ്യൻ ഗെയിംസിൽ നാലാം സ്ഥാനവും നേടി ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച മൂന്നു ടീമുകളിൽ ഒന്നായി ഇന്ത്യ ഉയർന്നു. പിന്നീട് 1982 ൽ ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ നാലാം സ്ഥാനം നേടുകയും, സുവർണ താരങ്ങൾ അണിനിരന്ന 1986 ലെ ഏഷ്യൻ ഗെയിംസിൽ ജപ്പാനെ പരാജയപ്പെടുത്തി വെങ്കല മെഡൽ കരാഷ്ടമാക്കിയതിനു ശേഷം ഏഷ്യയിൽ ഇന്ത്യൻ ടീമിൽ നിന്നും ഒരു നേട്ടം കാണുവാൻ സാധിച്ചില്ല.

ഏഷ്യൻ ജൂനിയർ ചാംമ്പ്യൻഷിപ്പുകളിലും, വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പിലും ചില നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും സീനിയർ തലത്തിൽ അവസാന സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. പല ചാംപ്യൻഷിപ്പുകളിലും വ്യക്തിഗത നേട്ടങ്ങൾ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയെങ്കിലും ടീം എന്ന നിലയിൽ നിരാശാജനകമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 2005 ൽ തായ്‌ലൻഡിൽ നടന്ന ഏഷ്യൻ സീനിയർ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനത്തോടെ ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചെങ്കിലും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

1986 നു ശേഷം ഏഷ്യൻ തലത്തിൽ ഒരു മെഡൽ നേടുന്നതിനായി ഇന്ത്യക്ക് 28 വർഷം കാത്തിരിക്കേണ്ടി വന്നു 2014 ൽ കസാഖിസ്ഥാനിൽ നടന്ന ഏഷ്യൻ കപ്പിൽ വെള്ളി മെഡൽ നേടികൊണ്ടാണ് ഇന്ത്യൻ വോളി ടീം മെഡൽ വരൾച്ചയ്ക്ക് അന്ത്യം കുറിച്ചത്. ഉക്രപാണ്ട്യൻ, ഗുരീന്ദർ സിംഗ് ,വൈഷണവ, നവീൻ ജേക്കബ് രാജ , പ്രഭാകരൻ എന്നിവരടങ്ങിയ ശക്തമായ നിരയുമായാണ് ഇന്ത്യൻ ടീം ചാംപ്യൻഷിപ്പിനെത്തിയത്. എട്ടു ടീമുകൾ മത്സരിച്ച ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കസാഖിസ്ഥാൻ, ജപ്പാൻ ,കൊറിയ എന്നിവരോടപ്പം ശക്തരുടെ ഗ്രൂപ്പിൽ ആയിരുന്നു ഇന്ത്യ. ആദ്യ മത്സരത്തിൽ ആതിഥേയരായ കസാകിസ്താനെ 3 -0 പരാജയപ്പെടുത്തി തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ജപ്പാനെയും 3 -0 നു കീഴടക്കി ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചു. എന്നാൽ മൂന്നാം മത്സരത്തിൽ കൊറിയയോട് 1 -3 നു പരാജയപെട്ടു. ക്വാർട്ടറിൽ തായ്‌ലാൻഡിനെ മൂന്നു സെറ്റുകൾക്ക് അനായാസം പരാജയപ്പെടുത്തി സെമിയിലേക്ക് ചുവടു വെച്ചു.

ഇറാനെതിരെ സെമിയിൽ ആദ്യ സെറ്റ് നഷ്ടപെട്ട ഇന്ത്യ ശക്തമായ പോരാട്ടത്തിനൊടുവിൽ മൂന്നു സെറ്റുകൾ കരസ്ഥമാക്കി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. 24 പോയിന്റ് നേടി ഗുരീന്ദർ സിംഗ് മിന്നുന്ന പ്രകടനം പുറത്തെടുത്തു, 21 പോയിന്റുമായി പ്രഭാകരനും, 14 പോയിന്റുമായി നവീൻ ജേക്കബ് രാജയും വിജയത്തിൽ പങ്കു വഹിച്ചു. എന്നാൽ ഫൈനലിൽ ശക്തരായ കൊറിയയോട് പിടിച്ചു നില്ക്കാൻ ഇന്ത്യൻ ടീമിനായില്ല. ആദ്യ സെറ്റിൽ അഞ്ചു പോയിന്റ് ലീഡ് വഴങ്ങിയ ഇന്ത്യ ഗുരീന്ദറിലൂടെ തിരിച്ചടിച്ചു 23 -23 എന്ന നിലയിലായെങ്കിലും ആദ്യ സെറ്റ് നഷ്പ്പെട്ടു. രണ്ടാം സെറ്റിൽ തുടക്കത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും 25 -21 നു കൊറിയ സ്വന്തമാക്കി. മൂന്നാം സെറ്റിൽ വൈഷ്‌ണവും , നവീനും ,പ്രഭാകരനും ഫോമിൽ ഉയർന്നതോടെ മത്സരത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു സ്കോർ 25 -25 എത്തിയെങ്കിലും കൊറിയ 27 -25 നു സെറ്റും കിരീടവും സ്വന്തമാക്കി.

ചാമ്പ്യൻഷിപ്പിൽ ഫൈനലിലടക്കം മികച്ച പ്രകടനം പുറത്തെടുത്തിട്ടും കിരീടം ഉയർത്താൻ സാധിക്കാതിരുന്നതിന്റെ നിരാശ ഇന്ത്യൻ ടീമംഗങ്ങളിൽ പ്രകടമായിരുന്നു. കിരീടം നേടാനായില്ലെങ്കിലും ചാമ്പ്യൻഷിപ്പിലെ രണ്ടു വ്യക്തിഗത അവാർഡുകൾ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി . മികച്ച ബ്ലോക്കാരായി വൈഷണവും ,മികച്ച അറ്റാക്കറായി പ്രഭാകരനെയും തെരെഞ്ഞെടുത്തു. ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനക്കാരായെങ്കിലും 2016 , 2018 ലെയും പങ്കെടുക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചില്ല.