ബംഗ്ലാദേശിനെ എ റിഞ്ഞിട്ട് മുകേഷ് കുമാർ; ചേതേശ്വർ പൂജാര ഇന്നിറങ്ങും

ഇന്ത്യ എ – ബംഗ്ലാദേശ് എ ചതുർദിന ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിന് തുടക്കമായി. സീനിയർ താരങ്ങളായ ചേതേശ്വർ പൂജാര , ഉമേഷ്‌ യാദവ് എന്നിവർ ബംഗ്ലാദേശ് എ-ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് തകർച്ചയോടെയാണ് തുടങ്ങിയതെങ്കിലും, വാലറ്റം പിടിച്ചുനിന്നത് ബംഗ്ലാദേശിന് ആശ്വാസകരമായി.

ബംഗ്ലാദേശ് നിരയിൽ ശഹാദത് ഹുസൈൻ (80), ജാകർ അലി (62), സാകിർ ഹസൻ (46) എന്നിവരാണ് ടോപ് സ്കോറർമാർ. മത്സരത്തിൽ ഉമേഷ്‌ യാദവ് ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ഉമേഷ്‌ യാദവും ജയന്ത് യാദവും 2 വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ , മീഡിയം പേസർ മുകേഷ് കുമാർ 6 വിക്കറ്റുകൾ വീഴ്ത്തി . നവദീപ് സൈനി, സൗരഭ് കുമാർ എന്നിവർക്ക് വിക്കറ്റുകൾ ഒന്നും തന്നെ വീഴ്ത്താൻ ആയില്ല.

ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 252 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, നിലവിൽ 11/0 എന്ന നിലയിലാണ്. ഓപ്പണർമാരായി ക്രീസിൽ എത്തിയ യശാവി ജയ്സ്വാൽ (8) ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ (3) എന്നിവർ ഇപ്പോഴും ക്രീസിൽ തുടരുന്നു. മത്സരത്തിന്റെ ആദ്യ ദിനം സ്റ്റംപ് എടുക്കുമ്പോൾ ഇന്ത്യ 241 റൺസിന് പിന്നിട്ട് നിൽക്കുകയാണ്. ചേതേശ്വർ പൂജാര , യാഷ് ദുൽ , സർഫ്രാസ് ഖാൻ , ശ്രീകാർ ഭരത് തുടങ്ങിയ വലിയൊരു ബാറ്റിംഗ് നിര തന്നെ ഇന്ത്യക്കുവേണ്ടി ഇനി ബാറ്റ് ചെയ്യാൻ ഇറങ്ങാൻ ഉണ്ട്.

പരമ്പരയിലെ ഒന്നാം ടെസ്റ്റ് മത്സരം സമനിലയിൽ പിരിയുകയായിരുന്നു. ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശ് 112 റൺസിന് പുറത്താവുകയും, ശേഷം ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ യശാവി ജയ്സ്വാൽ (145) , അഭിമന്യു ഈശ്വരൻ (142) എന്നിവരുടെ സെഞ്ച്വറി മികവിൽ 465/5 റൺസ് സ്കോർ ചെയ്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 341/9 എന്ന നിലയിൽ നിൽക്കേ മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യക്ക് ഇപ്പോൾ പുരോഗമിക്കുന്ന മത്സരത്തിൽ വിജയം അനിവാര്യമാണ് .

Rate this post