ഇന്ത്യ ഇനി ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കുമോ? ഇന്ത്യയുടെ മുന്നോട്ടുള്ള വഴി ഇങ്ങനെ

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ പരാജയപ്പെട്ടതോടെ ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. നേരത്തെ, 58.37 പോയിന്റ് ശതമാനവുമായി പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ, നിലവിൽ 52.08 പോയിന്റ് ശതമാനത്തിലേക്ക് വീണതോടെ പാക്കിസ്ഥാന് പിന്നിലേക്ക് തള്ളപ്പെട്ടു. 12 കളികളിൽ നിന്ന് 75 പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം.

ഇതോടെ, ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾക്കാണ് മങ്ങലേറ്റിരിക്കുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ, 9 കളികളിൽ നിന്ന് 6 ജയവും 3 സമനിലയും ഉൾപ്പടെ 84 പോയിന്റും 77.78 പോയത് ശരാശരിയും ഉള്ള ഓസ്ട്രേലിയ ആണ് ഒന്നാമത്. 7 കളികളിൽ നിന്ന് 5 ജയവും 2 തോൽവിയും ഉൾപ്പടെ 60 പോയിന്റും 71.43 പോയിന്റ് ശരാശരിയുമുള്ള ദക്ഷിണാഫ്രിക്കയാണ്‌ പോയിന്റ് പട്ടികയിൽ രണ്ടാമത്.

ഇതോടെ, ഇന്ത്യയ്ക്ക് ഇനി വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകൾ ഏറെ നിർണായകം ആയിരിക്കുകയാണ്. ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി രണ്ട് ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യക്ക് ബാക്കിയുള്ളത്. രണ്ട് ടെസ്റ്റുകൾ അടങ്ങിയ ബംഗ്ലാദേശ് പരമ്പരയും, നാല് ടെസ്റ്റുകൾ അടങ്ങിയ ഓസ്ട്രേലിയൻ പരമ്പരയും ആണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്.

ബംഗ്ലാദേശ് പരമ്പരക്കായി ഇന്ത്യ ബംഗ്ലാദേശിലേക്ക് പറക്കുമ്പോൾ, ഓസ്ട്രേലിയൻ പരമ്പരക്കായി ഓസ്ട്രേലിയ ഇന്ത്യയിലേക്ക് എത്തും. ബംഗ്ലാദേശിനെതിരെ വൈറ്റ് വാഷ് പരമ്പര നേട്ടവും, ഓസ്ട്രേലിയക്കെതിരെ വൈറ്റ് വാഷ് പരമ്പര നേട്ടമൊ, അല്ലെങ്കിൽ 3-1 ന് പരമ്പര നേടാനോ സാധിച്ചാൽ മാത്രമേ ഇന്ത്യക്ക് ഇനി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ സാധിക്കുകയുള്ളൂ. താരതമ്യേനെ ബംഗ്ലാദേശ് പര്യടനം ഇന്ത്യക്ക് അനായാസം ആകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പര ഇന്ത്യക്ക് കഠിനമായിരിക്കും.