ഒടുവിൽ ഓസ്ട്രേലിയ പുറത്തേക്കോ!! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അധികാരം സ്ഥാപിക്കാൻ ടീം ഇന്ത്യ
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023 ഫൈനൽ കളിക്കാനുള്ള ഇന്ത്യയുടെ സാധ്യതകൾ വർദ്ധിച്ചുവരികയാണ്. ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ, ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ഇതിനോടകം വിജയിച്ചതിനാൽ, ഫൈനൽ കളിക്കാനുള്ള ഇന്ത്യയുടെ സാധ്യതയും ഉയർന്നിരിക്കുന്നു. ഡൽഹി ടെസ്റ്റിലും ഓസ്ട്രേലിയക്കെതിരെ ഗംഭീര വിജയം നേടിയതോടെ, മറ്റൊരു വലിയ സാധ്യത കൂടി ഇന്ത്യക്ക് മുന്നിൽ തെളിഞ്ഞുകിടക്കുകയാണ്.
നിലവിൽ മൂന്ന് ടീമുകളാണ് ഫൈനൽ സ്പോട്ടിനായി മത്സര രംഗത്തുള്ളത്. ഓസ്ട്രേലിയ നിലവിൽ ഒന്നാമത് നിൽക്കുമ്പോൾ, ഇന്ത്യ രണ്ടാം സ്ഥാനത്തും ശ്രീലങ്ക മൂന്നാം സ്ഥാനത്തും ഉണ്ട്. എന്നിരുന്നാലും, ഒരു ടീമിനും ഇതുവരെ ഫൈനൽ സ്പോട്ട് ഉറപ്പാക്കാൻ സാധിച്ചിട്ടില്ല. ഓസ്ട്രേലിയക്കെതിരെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ, ഒരു മത്സരത്തിൽ കൂടി വിജയിക്കാൻ സാധിച്ചാൽ ഇന്ത്യക്ക് ഫൈനൽ ഉറപ്പാക്കാം. എന്നാൽ, അതോടെ ഓസ്ട്രേലിയയുടെ സാധ്യത തുലാസിൽ ആകും.
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം ഇംഗ്ലണ്ടിലെ ഓവൽ സ്റ്റേഡിയത്തിൽ ആണ് നിശ്ചയിച്ചിരിക്കുന്നത്. പേസിനും ബൗൺസിനും മുൻതൂക്കമുള്ള പിച്ചാണ് ഇംഗ്ലണ്ടിലേക്ക് എന്നതിനാൽ തന്നെ, ഫൈനലിൽ ഓസ്ട്രേലിയ ഇന്ത്യക്ക് എതിരെ വന്നാൽ, അത് ഇന്ത്യയുടെ കിരീട സാധ്യതകൾ കഠിനമാക്കും. എന്നാൽ, ഓസ്ട്രേലിയക്ക് പകരം അയൽക്കാരായ ശ്രീലങ്കയെ ഫൈനലിൽ എതിരാളികളായി ലഭിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
അതായത് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ബോർഡർ ഗവാസ്കർ പരമ്പര 4-0 ത്തിന് തൂത്തുവാരുകയും, ന്യൂസിലാൻഡിനെതിരെ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര ശ്രീലങ്ക 2-0 ത്തിന് തൂത്തുവാരുകയും ചെയ്താൽ, ഓസ്ട്രേലിയയെ പിന്തള്ളി ഓവനിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. നേരത്തെ, പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ കളിച്ചിരുന്നെങ്കിലും, അന്ന് ന്യൂസിലാൻഡിനോട് പരാജയപ്പെടുകയായിരുന്നു. എന്തുതന്നെയായാലും, 2014-ന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം അനുഭവിക്കുന്ന ഐസിസി ട്രോഫി വരൾച്ച ടെസ്റ്റ് ചാമ്പ്യൻഷിപ്പിലൂടെ അവസാനിപ്പിക്കാനാകും എന്ന് പ്രതീക്ഷിക്കാം.