IPL AUCTION 2022;ശത്രുക്കൾ ഇനി മിത്രങ്ങളാവുമൊ😮എതിരാളികൾ എല്ലാം ഒരു ടീമിൽ

2022 ഐപിഎൽ താരലേലത്തിന്റെ ഒന്നാം ദിനം, വാശിയേറിയ ബിഡ്ഡിംഗുകൾ കൊണ്ട് ശ്രദ്ധേയമായതിന് പിന്നാലെ, ചില താരങ്ങളുടെ ഒത്തുചേരലിന് 2022 ഐപിഎൽ സീസൺ വേദിയാകും എന്ന് ഉറപ്പാവുകയും ചെയ്തു. ലേലത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിനെ രാജസ്ഥാൻ സ്വന്തമാക്കിയതോടെ, 2019 ഐപിഎൽ സീസണിൽ ‘മങ്കാഡിംഗ്’ വിവാദത്തിൽ ഏർപ്പെട്ട ഇംഗ്ലണ്ട് ബാറ്റർ ജോസ്‌ ബറ്റ്ലറും ആർ അശ്വിനും രാജസ്ഥാൻ ടീമിൽ ഒരുമിക്കുന്നതിന് 2022 ഐപിഎൽ വേദിയാകും.

തുടർന്ന് നടന്ന ലേലത്തിൽ, മറ്റൊരു കൂടിച്ചേരലനുകൂടി ഐപിഎൽ 2022 സാക്ഷിയാകും എന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ത്യയുടെ ബറോഡ ഓൾറൗണ്ടർമാരായ ക്രുണാൾ പാണ്ഡ്യയേയും ദീപക് ഹൂഡയേയും പുതിയ ഐപിഎൽ ഫ്രാഞ്ചൈസി ലഖ്നൗ സൂപ്പർ ജിയന്റ്സ്‌ സ്വന്തമാക്കിയതോടെ ആണ് ഐപിഎൽ മറ്റൊരു ഒരുമിക്കലിന് വേദിയാകും എന്ന് വ്യക്തമായിരിക്കുന്നത്.

2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ക്രുണാൾ പാണ്ഡ്യക്ക്‌ വേണ്ടി ചെന്നൈ സൂപ്പർ കിംഗ്സും പഞ്ചാബ് കിംഗ്‌സും രംഗത്ത് ഉണ്ടായിരുന്നെങ്കിലും, ഒടുവിൽ 8.25 കോടി കോടിക്ക് താരത്തെ ലഖ്നൗ സ്വന്തമാക്കുകയായിരുന്നു. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ദീപക് ഹൂഡയേ 5.75 കോടി രൂപയ്ക്കാണ് ലഖ്നൗ സ്വന്തമാക്കിയത്.

കഴിഞ്ഞ മുഷ്താഖ് അലി ട്രോഫിക്കിടെയാണ് ഹൂഡയും ക്രുണാലും തമ്മിലുള്ള എതിർപ്പ് മറ നീക്കി പുറത്തുവന്നത്. ബറോഡ ടീമിന്റെ ക്യാപ്റ്റനായ ക്രുണാൽ തന്നെ മറ്റു കളിക്കാർക്ക് മുന്നിൽ വെച്ച് അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ച് ഹൂഡ ബറോഡ മാനേജ്മെന്റിന് പരാതി നൽകി. തുടർന്ന്, ഹൂഡ ബറോഡ ടീമിൽ നിന്ന് പുറത്തുപോവുകയും ചെയ്തു. ഇപ്പോൾ, ഇരുവരും വീണ്ടും ഒരു ടീമിൽ ഒന്നിക്കുമ്പോൾ എന്താകും സംഭവിക്കുക എന്ന കാത്തിരിപ്പിലാണ് ആരാധകർ.