ഇതാര് ജൂനിയർ ധോണിയോ 😱ഹെലികോപ്റ്റർ ഷോട്ടുമായി അഫ്‌ഘാൻ താരം :കണ്ണുതള്ളി ക്രിക്കറ്റ്‌ ലോകം

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ്, കൂടാതെ ഇന്ത്യൻ ക്രിക്കറ്റിൽ തന്റെ ചില തനതായ ശൈലികൾ കൊണ്ട് രാജ്യത്തെ ഏറ്റവും വ്യാപകമായി പിന്തുടരുന്ന സ്റ്റൈൽ ഐക്കണുകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരം കൂടിയാണ് ധോണി. 2000-കളുടെ തുടക്കത്തിൽ ധോണിയുടെ നീണ്ട മുടി മുതൽ കളിക്കുന്ന ശൈലി വരെ, ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള നിരവധി ആളുകളെ സ്വാധീനിച്ചിട്ടുണ്ട്.

ക്യാപ്റ്റൻ കൂളിന്റെ ഹെലികോപ്റ്റർ ഷോട്ട് ക്രിക്കറ്റിലെ എക്കാലത്തെയും മനോഹരമായ ഷോട്ടുകളിൽ ഒന്നായി ഇപ്പോഴും കണക്കാക്കുന്നതാണ്. നിരവധി ക്രിക്കറ്റ് താരങ്ങൾ ഈ ഷോട്ട് അനുകരിക്കാൻ ശ്രമിച്ചെങ്കിലും അത് ധോണിയോളം മനോഹരമായി മറ്റാർക്കും കളിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, കഴിഞ്ഞ ദിവസം പാകിസ്ഥാൻ സൂപ്പർ ലീഗിൽ നടന്ന പെഷവാർ സാൽമിക്കെതിരായ മത്സരത്തിൽ ഇസ്ലാമാബാദ് യുണൈറ്റഡ് ബാറ്റർ ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട് അനുകരിക്കുകയുണ്ടായി.

ഇസ്ലാമാബാദ് യുണൈറ്റഡിന്റെ അഫ്ഘാനിസ്ഥാൻ ബാറ്റ്‌സ്മാൻ റഹ്മാനുള്ള ഗുർബാസ് ആണ് ഒരു തകർപ്പൻ ധോണി-എസ്‌ക്യൂ ഹെലികോപ്റ്റർ ഷോട്ട് കളിച്ചത്. കളി ജയിക്കാൻ അവസാന ആറ് ഓവറിൽ 27 റൺസ് വേണമെന്നിരിക്കെ, സാൽമി പേസർ സൊഹൈൽ ഖാനെതിരെയാണ് ഗുർബാസ് സാഹസത്തിന് മുതിർന്നത്. സൊഹൈൽ സ്റ്റംപിലേക്ക് എറിഞ്ഞ ലെങ്ത് ഡെലിവറി, ഹെലികോപ്റ്റർ ഷോട്ടിലൂടെ വായുവിൽ ബൗണ്ടറിക്ക് മുകളിലൂടെ പറത്തുകയായിരുന്നു 20-കാരൻ ഗുർബാസ്.

ഗുർബാസിന്റെ സെൻസേഷണൽ ഷോട്ട് കമന്റേറ്റർമാരെയും കാണികളെയും ആകർഷിച്ചതിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ്‌ ആരാധകർ 20-കാരന്റെ ഷോട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തി. ഒടുവിൽ യുണൈറ്റഡിന് ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്നപ്പോൾ, ഒരു സിക്സും ഫോറും പറത്തി യുവതാരം അത് പിന്തുടർന്നു. 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ യുണൈറ്റഡ്, 1 വിക്കറ്റ് നഷ്ടത്തിൽ 15.5 ഓവറിൽ ലക്ഷ്യം മറികടന്നു.