മിന്നൽ യോർക്കറിൽ തീതുപ്പി പ്രസീദ് കൃഷ്ണ!!വീഡിയോ

അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ന്റെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വരിഞ്ഞുമുറുക്കി രാജസ്ഥാൻ റോയൽസ്. സാധാരണ നിലയിൽ നിന്നും വ്യത്യസ്തമായി രാജസ്ഥാൻ റോയൽസിന്റെ സ്പിന്നർമാർ നിറംമങ്ങിയ മത്സരത്തിൽ, ഫാസ്റ്റ് ബൗളർമാർ ബൗളിംഗ് ആക്രമണം ഏറ്റെടുക്കുകയായിരുന്നു.

മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, യുവ ബാറ്റർ രജത് പാട്ടിദാറിന്റെ (58) അർദ്ധ സെഞ്ചുറിയുടെ കരുത്തിൽ, 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. പാട്ടിദാറിനെ കൂടാതെ, ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലിസിസ് (25), ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ (24) എന്നിവർ മാത്രമാണ് ഇന്നിംഗ്സിൽ മാന്യമായ പ്രകടനം കാഴ്ചവെച്ചത്.ആദ്യ ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇന്നിംഗ്സിന്റെ അവസാന ഓവറിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ വഴങ്ങി രാജസ്ഥാൻ റോയൽസിനെ പരാജയത്തിലേക്ക് തള്ളിവിട്ട പ്രസിദ് കൃഷ്ണ

ഇന്ന് രണ്ടാം ക്വാളിഫയർ മത്സരത്തിൽ തീർത്തും ആവേശം നിറഞ്ഞ പ്രകടനമാണ് കാഴ്ചവച്ചത്. ആർസിബിയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയെ ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ തന്നെ മടക്കി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത് പ്രസിദ് കൃഷ്ണയാണ്. തുടർന്ന് ഇന്നിംഗ്സിലെ 19-ാം ഓവറിൽ ഫിനിഷർ ദിനേഷ് കാർത്തിക്കിനെയും തൊട്ടടുത്ത ബോളിൽ വനിന്ദു ഹസരംഗയെ ഒരു തകർപ്പൻ യോർക്കറിൽ ഗോൾഡൻ ഡക്കിന് പുറത്താക്കി പ്രസിദ് ആർസിബിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

രാജസ്ഥാൻ റോയൽസിന് വേണ്ടി യുവ ഇന്ത്യൻ പേസർ പ്രസിദ് കൃഷ്ണയും വെസ്റ്റ് ഇൻഡീസ് പേസർ ഒബദ് മക്കോയിയും 3 വീതം വിക്കറ്റുകൾ വീഴ്ത്തി. പ്രസിദ് കൃഷ്ണ 4 ഓവറിൽ 22 റൺസ് വഴങ്ങിയപ്പോൾ, ഒബദ് മക്കോയ് 4 ഓവറിൽ 23 റൺസ് വഴങ്ങി. ന്യൂസിലാൻഡ് സ്പീഡ്സ്റ്റർ ട്രെന്റ് ബോൾട്ട് 4 ഓവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. സ്പിന്നർമാരായ ആർ അശ്വിൻ 4 ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ, പർപ്പിൾ ക്യാപ് ചേസിൽ ഒന്നാം സ്ഥാനത്തുള്ള യുസ്വേന്ദ്ര ചാഹൽ 4 ഓവറിൽ വിക്കറ്റ് നേട്ടമില്ലാതെ 45 റൺസ് വഴങ്ങി.

Rate this post