ഐപിഎൽ 15-ാം പതിപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ജയം നേടി അപരാജിതക്കുതിപ്പ് തുടരുകയാണ് ഐപിഎല്ലിലെ പുതുമുഖക്കാരായ ഗുജറാത്ത് ടൈറ്റൻസ്. അതുകൊണ്ട് തന്നെ അതിന്റേതായ എല്ലാ സമ്മർദ്ദങ്ങളും ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റന്റെ പ്രവർത്തികളിൽ പ്രകടമാണ്.
തന്റെ ടീമംഗങ്ങളുടെ പ്രകടനങ്ങൾക്ക് കയ്യടിച്ചും ആർപ്പുവിളിച്ചും ആവേശം പകരുന്ന ഹാർദിക് പാണ്ഡ്യ, തന്റെ ടീമംഗങ്ങളുടെ ഭാഗത്ത് നിന്ന് വരുന്ന ഓരോ വീഴ്ച്ചയ്ക്കും നിരാശനാകുന്നതും കാണാം.ഐപിഎൽ 2022 സീസണിൽ പുരോഗമിക്കുന്ന 21-ാം മത്സരത്തിൽ, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തന്റെ ഉത്തരവാദിത്ത ഭാരം തെളിയിക്കുന്ന ഒരു പ്രവർത്തി ഹാർദിക്കിൽ നിന്നുണ്ടായി. ഗുജറാത്ത് ടൈറ്റൻസിന്റെ യുവ പേസർ ദർശൻ നാൽകണ്ടെ എറിഞ്ഞ ഇന്നിംഗ്സിലെ 10-ാം ഓവറിൽ ആദ്യ മൂന്ന് ബോളിൽ 4 റൺസ് വഴങ്ങി നിൽക്കുമ്പോൾ, ക്യാപ്റ്റൻ ഹാർദിക് യുവതാരത്തിനൊരു ഉപദേശം നൽകി.

ക്യാപ്റ്റൻമാർ ബൗളർമാർക്ക് ബൗളിംഗ് സ്ട്രാടെജി പറഞ്ഞു കൊടുക്കുന്നത് ഒരു സാധാരണ കാഴ്ച്ചയാണ്. എന്നാൽ, ഹാർദിക് ഉപദേശം നൽകിയതിന് തൊട്ടടുത്ത ബോൾ, സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റർ രാഹുൽ ത്രിപാഠിക്കെതിരെ നാൽകണ്ടെ ഓഫ് സ്റ്റംപിന് പുറത്തേക്ക് ഒരു ഡെലിവറി എറിഞ്ഞു. രാഹുൽ ത്രിപാഠി സന്തോഷത്തോടെ അത് ഒരു ഫ്രന്റ് ഫുട്ട് ഷോട്ടിലൂടെ എക്‌സ്‌ട്രാ കവറിലൂടെ ബൗണ്ടറി ലൈൻ കടത്തി. ഇതിൽ നിരാശനായ ഹാർദിക്, സ്വന്തം മുഖത്ത് തുടർച്ചയായി തല്ലുന്നത് ടിവി റിപ്ലൈ ദൃശ്യങ്ങളിൽ കാണാമായിരുന്നു.
— Addicric (@addicric) April 11, 2022
മത്സരത്തിലേക്ക് വന്നാൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ്, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (50), അഭിനവ് മനോഹർ (35) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 162/7 എന്ന ടോട്ടൽ കണ്ടെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ്, ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (57), അഭിഷേക് ശർമ്മ (42), നികോളാസ് പൂരൻ (34) എന്നിവരുടെ ബാറ്റിംഗ് മികവിൽ 5 പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടന്നു.