ഹാർദിക്കിനെക്കൊണ്ടൊന്നും നടക്കില്ല ; ഇതൊക്കെ രോഹിത് ശർമ്മക്ക് പറഞ്ഞിട്ടുള്ള പണിയാണെന്ന് സുനിൽ ഗവാസ്‌കർ

ഐപിഎൽ 15-ാം പതിപ്പിൽ ഐപിഎല്ലിലെ പുതുമുഖ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിനെ നയിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ എന്ന നിലയിൽ ഹാർദിക്കിന്റെ ആദ്യ നിയമനമാണിത്. അതുകൊണ്ട് തന്നെ നായക പദവിയിൽ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ അദ്ദേഹത്തിന് കഴിയുമോ എന്നറിയാൻ ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ഇപ്പോൾ, പുതിയ നായകന് കീഴിൽ തയ്യാറെടുപ്പുകൾ നടത്തുന്ന പുതിയ ഐപിഎൽ ഫ്രാഞ്ചൈസിയായ ഗുജറാത്ത്‌ ടൈറ്റൻസ്‌, ഐപിഎൽ 2022-ൽ കിരീടം നേടാൻ സാധ്യതയുള്ള ടീമാണോ അല്ലയോ എന്ന വിഷയത്തിൽ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. 72 കാരനായ ഇതിഹാസ താരത്തിന്റെ അഭിപ്രായത്തിൽ, ഗുജറാത്ത്‌ സ്ക്വാഡ് അനുഭവപരിചയമില്ലാത്തവരാണെന്നും ടൂർണമെന്റ് എങ്ങനെ ആരംഭിക്കും എന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ മുന്നോട്ടുള്ള യാത്ര എന്നും ചൂണ്ടിക്കാണിച്ചു.

“ഗുജറാത്ത് ടൈറ്റൻസ് ഒരു പുതിയ ക്യാപ്റ്റന്റെ കീഴിൽ വരുന്ന പുതിയ ടീമാണ്, അതുകൊണ്ട് തന്നെ അവർക്ക് അനുഭവപരിചയം കുറവാണെന്ന് എനിക്ക് തോന്നുന്നു. ആദ്യ 5-6 ഗെയിമുകളിൽ അവർ എങ്ങനെ പ്രകടനം നടത്തുന്നുവെന്ന് എനിക്ക് കാണണം. അവർ നന്നായി ചെയ്താൽ അവർക്ക് കിരീടം നേടാനാകുമെന്ന് വരെ നമുക്ക് പറയാം. എന്നാൽ, അവർക്ക് ഇപ്പോഴുള്ള ഈ ടീം വെച്ച്, അവരുടെ ആദ്യ ശ്രമത്തിൽ തന്നെ ഐപിഎൽ ജേതാക്കളാവുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു,” ഗവാസ്‌കർ പറഞ്ഞു.

കൂടാതെ, ഐപിഎൽ 2022 സീസണിൽ ജേതാക്കളാവൻ ഏറ്റവും സാധ്യതയുള്ള ടീം ഏതാണെന്നും ഗവാസ്‌കർ വ്യക്തമാക്കി. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇറങ്ങുന്ന മുംബൈ ഇന്ത്യൻസിനാണ് സുനിൽ ഗവാസ്‌കർ വരുന്ന ഐപിഎൽ സീസണിൽ ജേതാക്കളാവാനുള്ള സാധ്യത കൽപ്പിക്കുന്നത്. ട്രെന്റ് ബോൾട്ട്, ഹാർദിക് പാണ്ഡ്യ, ഡി കോക്ക് തുടങ്ങിയ താരങ്ങൾ മുംബൈ വിട്ടെങ്കിലും, അതൊന്നും അവരെ അലട്ടില്ല എന്നാണ് ഗവാസ്‌കർ പറയുന്നത്.