അതെങ്ങനെ ഔട്ടാവും? ശക്തമായ ചോദ്യവുമായി ഹാർദിക് പാണ്ട്യയുടെ ഭാര്യ!!

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിലെ ഏറ്റവും വിവാദപരമായ സംഭവമായിരുന്നു ഹർദിക്ക് പാണ്ട്യയുടെ വിക്കറ്റ്. യാതൊരു തരത്തിലും അംഗീകരിക്കാനാവാത്ത പിഴവാണ് മത്സരത്തിൽ തേർഡ് അമ്പയർ വരുത്തിയത്. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിന്റെ നാല്പതാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം അരങ്ങേറിയത്.

ഡാരിൽ മിച്ചൽ എറിഞ്ഞ പന്ത് പ്രതിരോധിക്കാൻ ഹർദിക്ക് പാണ്ട്യ ശ്രമിക്കുകയും, പന്ത് പാണ്ട്യയുടെ ബാറ്റിൽ കൊള്ളാതെ കീപ്പർ ടോം ലാതമിന്റെ ഗ്ലൗസിൽ എത്തുകയും ചെയ്തു. ഇതേ സമയത്ത് തന്നെ സ്റ്റമ്പിലെ ബെയിൽസ് തെറിച്ചു. ഇതോടെ പന്ത് സ്റ്റമ്പിൽ കൊണ്ടോ എന്ന സംശയം പലർക്കും ഉദിച്ചു.ശേഷം തേർഡ് അമ്പയർക്ക് തീരുമാനം കൈമാറി. റിപ്ലൈകൾ കണ്ടതിനുശേഷം പന്ത് സ്റ്റമ്പിൽ കൊള്ളുകയായിരുന്നു എന്ന് തേർഡ് അമ്പയർ വിധിച്ചു. എന്നാൽ കീപ്പറിന്റെ ഗ്ലൗസ് തട്ടിയാണ് ബെയിൽസിന് അനക്കം ഉണ്ടായതെന്നും ബോൾ സ്റ്റമ്പിൽ കൊണ്ടില്ല എന്നും എല്ലാവർക്കും വ്യക്തമായിരുന്നു.

അമ്പയർ മത്സരത്തിൽ വരുത്തിയ ഈ വലിയ പിഴവിന്റെ പേരിൽ ഹർദിക്ക് പാണ്ട്യയ്ക്ക് കൂടാരം കേറേണ്ടി വരികയായിരുന്നു. വളരെ നിരാശാജനകനായാണ് പാണ്ഡ്യ മൈതാനം വിട്ടത്.എന്നാൽ ശേഷം ഹർദിക്ക് പാണ്ട്യയുടെ ഭാര്യ നടാഷ സ്റ്റാൻകോവിക് ഇക്കാര്യത്തിൽ പ്രതികരിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിക്കുകയുണ്ടായി. “ബാറ്റിൽ പന്ത് കൊണ്ടിട്ടില്ല, ബൗൾഡ് ആയതുമില്ല. പിന്നെ എങ്ങനെയാണ് അത് ഔട്ട് ആവുന്നത്?”- സ്കാൻകോവിക് പ്രതികരിച്ചത് ഇങ്ങനെയാണ്. നിമിഷങ്ങൾക്കകം തന്നെ ഈ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.

എന്തായാലും മത്സരത്തിൽ തേർഡ് അമ്പയർ വരുത്തിയ ഇത്രയും വലിയ പിഴവ് സാമൂഹ്യമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ച തന്നെ ആവുകയുണ്ടായി. റിപ്ലൈ കണ്ടിട്ടും ഇത്തരം പിഴവുകൾ അമ്പയർമാർ വരുത്തുന്നത് നിരാശാജനകമാണ് എന്ന് ആരാധകർ പറയുന്നു.

Rate this post