ഇങ്ങനെയുണ്ടോ ഒരു അഭിനന്ദനം ; കോഹ്‌ലിയെ അഭിനന്ദിച്ച ഗിൽക്രിസ്റ്റിന്റെ വീഡിയോ വൈറൽ

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിലെ പ്രകടനത്തിന് ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആദം ഗിൽക്രിസ്റ്റ്. പാകിസ്ഥാനെതിരായ മത്സരത്തിൽ, 160 റൺസ് പിന്തുടർന്ന ഇന്ത്യക്ക്, തുടർച്ചയായ വിക്കറ്റ് നഷ്ടം തിരിച്ചടിയായപ്പോഴും, ക്രീസിൽ പാക് ബൗളർമാർക്ക് മുന്നിൽ പതറാതെ പിടിച്ചുനിന്ന് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത് വിരാട് കോഹ്‌ലി ആയിരുന്നു.

മത്സരത്തിൽ മൂന്നാമനായി ക്രീസിൽ എത്തിയ വിരാട് കോഹ്‌ലി, 53 പന്തിൽ 6 ഫോറും 4 സിക്സും സഹിതം 154.72 സ്ട്രൈക്ക് റേറ്റോടെ 82* റൺസ് നേടി പുറത്താകാതെ നിന്നാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ഇതിന് ശേഷം നടന്ന, നെതർലൻഡ്സിനെതിരായ മത്സരം ആരംഭിക്കുന്നതിന് മുൻപാണ് മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ് വിരാട് കോഹ്ലിയെ അഭിനന്ദിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

മൈതാനത്ത് മുൻ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയിൽ സ്റ്റെയ്‌നുമായി സംസാരിച്ച് നിൽക്കുന്ന വിരാട് കോഹ്ലിയുടെ അരികിലേക്ക് വന്ന ഗിൽക്രിസ്റ്റ്, കോഹ്‌ലിക്ക് ഷേക്ക് ഹാൻഡ് നൽകുകയും, തന്റെ ആവേശം പ്രകടിപ്പിക്കുകയും ചെയ്തു. ഗിൽക്രിസ്റ്റ് കോഹ്‌ലിക്ക് നൽകിയ ഷേക്ക് ഹാൻഡ്, കോഹ്‌ലിയുടെ പ്രകടനത്തിലുള്ള അദ്ദേഹത്തിന്റെ സന്തോഷം മുഴുവൻ പ്രകടിപ്പിക്കുന്നതായിരുന്നു.

നെതർലൻഡ്സിനെതിരായ മത്സരത്തിലും വിരാട് കോഹ്ലി അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചിരുന്നു. 44 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പടെ 140.91 സ്ട്രൈക്ക് റേറ്റോടെ 62* റൺസ് ആണ് കോഹ്‌ലി നേടിയത്. നാളെ (ഒക്ടോബർ 30) ആണ് ഇന്ത്യയുടെ അടുത്ത മത്സരം. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ കൂടി വിജയിക്കാൻ ആയാൽ, ഇന്ത്യയ്ക്ക് സെമി ഫൈനൽ സാധ്യത ഉറപ്പിക്കാം.