ഇന്ത്യയുടെ ഭാവി ഓപ്പണിംഗ് വാഗ്ദാനം; മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പറഞ്ഞത് കേട്ടോ?

യുവതാരം ശുഭ്മൻ ഗിൽ ഭാവിയിൽ ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിരം ഓപ്പണർ ആയേക്കുമെന്ന് താൻ വിശ്വസിക്കുന്നു എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നത് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദീപ്‌ദാസ് ഗുപ്ത. ന്യൂസ് ഏജൻസിയായ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് (PTI) നൽകിയ അഭിമുഖത്തിൽ വച്ചാണ് കഴിഞ്ഞ ദിവസം ഗുപ്ത മനസുതുറന്നത്.

കഴിഞ്ഞ വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിൽ ഓപ്പണറായി മികച്ച പ്രകടനം ഗിൽ പുറത്തെടുത്തിരുന്നു. ആദ്യ ഏകദിനത്തിൽ 64 റൺസും രണ്ടാം മത്സരത്തിൽ 43 റൺസും നേടിയ ഗിൽ മഴ മൂലം ഇന്ത്യയുടെ ബാറ്റിംഗ് തടസപ്പെട്ട മൂന്നാം ഏകദിനത്തിൽ 98 റൺസുമായി പുറത്താകാതെ നിന്നു. മൂന്നാം മത്സരത്തിൽ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും മൊത്തം 205 റൺസ് നേടി പരമ്പരയുടെ താരമായതും ഗിൽ തന്നെ ആയിരുന്നു.

എങ്കിലും കെ എൽ രാഹുൽ ടീമിലേക്ക് മടങ്ങിയെത്തിയത് മൂലം ഗില്ലിന്‌ ഈ സിംബാബ്‌വെ പര്യടനത്തിൽ ഓപ്പണർ ആയി കളിക്കാൻ സാധിച്ചേക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങൾക്ക് മുൻപ് രാഹുലിന് മാക്സിമം ഗെയിം ടൈം കിട്ടുകയാണ് ഇപ്പോൾ ടീം മാനേജ്മെന്റിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഈ സീരീസിൽ ഗില്ലിനു മൂന്നാം നമ്പറിൽ കളിക്കേണ്ടിവരുമെന്ന് ദാസ് ഗുപ്ത പറഞ്ഞു. ഭാവിയിൽ രാഹുൽ പഴയതുപോലെ മിഡിൽ ഓർഡറിൽ കളിക്കുകയും ഗിൽ ഓപ്പണർ ആകുന്നതും നമ്മൾക്ക് കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പരമ്പരയിൽ ഓപ്പണർ ആയി മിന്നിത്തിളങ്ങിയിട്ടും ആ സ്ഥാനത്ത് തുടർന്നു കളിക്കാൻ കഴിയാത്തത് ഒരുപക്ഷെ താരത്തിന് പ്രയാസമേറിയ കാര്യമായിരിക്കാം. എങ്കിലും അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഓപ്പണർ ആയി കളിക്കാൻ അവസരം ലഭിച്ചേക്കാവുന്ന ഒരു പ്രധാന താരം തന്നെയാണ് ഗിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരം ദേവാംഗ്‌ ഗാന്ധിയും സിംബാബ്‌വെ പര്യടനത്തിൽ ഗില്ലിന് മൂന്നാം നമ്പറിൽ ഇറങ്ങേണ്ടിവരും എന്ന് വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 18 നാണു സിംബാബ്‌വെ പരമ്പരയിലെ ആദ്യ ഏകദിന മത്സരം.